Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപല രാജ്യങ്ങളിലും ഇന്ധന...

പല രാജ്യങ്ങളിലും ഇന്ധന വില 100% വരെ വർധിപ്പിച്ചപ്പോൾ, ഇന്ത്യ പെട്രോളിന് 3.2% വും ഡീസലിന് 3.4% വും ആയി പരിമിതപ്പെടുത്തി; ഇന്ധന വിലയെ ന്യായീകരിച്ച് കിരൺ റിജിജു

text_fields
bookmark_border
Kiren Rijiju
cancel
camera_alt

കിരൺ റിജിജു

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം തികച്ചും സന്തുലിതവും അനിവാര്യവുമായ നടപടിയാണെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. അന്താരാഷ്ട്ര പ്രതിസന്ധികൾ മറ്റ് പല രാജ്യങ്ങളിലും നിയന്ത്രണാതീതമായ പണപ്പെരുപ്പത്തിന് കാരണമായപ്പോഴും ഇന്ത്യ വേറിട്ടുനിന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധന വിലവർധനവിനെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ നാല് വർഷത്തിനിടയിലെ ആദ്യത്തെ വില പരിഷ്കരണമാണിതെന്നും ആഗോള ഊർജ്ജ വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിട്ടും ഇന്ത്യയിൽ വർധനവ് വളരെ കുറഞ്ഞ തോതിൽ മാത്രമാണ് നിലനിർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 'പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ലോകമെമ്പാടും ഇന്ധനവില കുതിച്ചുയർന്നപ്പോൾ ഇന്ത്യ അതിനെയെല്ലാം പ്രതിരോധിച്ച് വേറിട്ടുനിന്നു. പല രാജ്യങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ 20% മുതൽ 100% വരെ വർധനവുണ്ടായപ്പോൾ, ഇന്ത്യയിൽ പെട്രോളിന് +3.2 ശതമാനവും ഡീസലിന് +3.4 ശതമാനവുമായി പരിമിതപ്പെടുത്താൻ സാധിച്ചു' -കിരൺ റിജിജു വ്യക്തമാക്കി.

ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടക്കുകയും ആഗോള വിപണി അസ്ഥിരമാകുകയും ചെയ്തപ്പോഴും, പൗരന്മാരെ പണപ്പെരുപ്പത്തിൽ നിന്നും സാമ്പത്തിക സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കാൻ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ ആഴ്ചകളോളം വലിയ നഷ്ടം സഹിച്ചു. ഇതാണ് ഉത്തരവാദിത്തമുള്ള ഭരണം. ജനങ്ങൾക്ക് മുൻഗണന നൽകുന്ന നേതൃത്വമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രി കിരൺ റിജിജു പങ്കുവെച്ച കണക്കുകൾ പ്രകാരം ലോകത്തെ പ്രമുഖ രാജ്യങ്ങളിൽ ഇന്ധനവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മ്യാൻമർ പെട്രോളിന് 89.7% വും ഡീസലിന് +112.7% വും വില വർധിപ്പിച്ചപ്പോൾ മലേഷ്യ പെട്രോളിന് +56.3% വും ഡീസലിന് +71.2% വും വില വർധിപ്പിച്ചിട്ടുണ്ട്.

എന്നാൽ പ്രതിസന്ധികൾക്കിടയിലും ഇന്ധനവിലയിലുണ്ടായ മാറ്റം വളരെ ചെറുതാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐ.ഒ.സി എൽ) റിഫൈനറീസ് ഡയറക്ടർ അരവിന്ദ് കുമാർ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. 'നിലവിൽ വലിയ രീതിയിലുള്ള സമ്മർദ്ദമുണ്ട്. എങ്കിലും ഇന്ത്യൻ ഓയിൽ കമ്പനികളും റിഫൈനറികളും 100 ശതമാനത്തിലധികം ശേഷിയിലാണ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നത്. അതിനാൽ രാജ്യത്തെ ഒരു റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇന്ധനക്ഷാമമോ ഡ്രൈ-ഔട്ടോ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകാൻ കഴിയും,' അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യൻ മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള എണ്ണ-വാതക വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാന സമുദ്ര പാതകളിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ പ്രധാന കാരണം. പരിമിതമായ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ ജനങ്ങളെ വലിയ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ ഇത്തരമൊരു നീക്കം അനിവാര്യമായിരുന്നു എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiren rijijucentral ministerFuel price hikeLatest News
News Summary - Kiren Rijiju defends fuel prices
Next Story