അഫ്റസൂലല്ല, മറ്റൊരാളായിരുന്നു ശംഭുലാലിന്‍റെ ലക്ഷ്യം: പൊലീസ്
text_fieldsജയ് പുർ: രാജസ്ഥാനിലെ രാജസമന്ദിൽ അഫ്റസൂൽ എന്ന കരാർ തൊഴിലാളിയെ ചുട്ടുകരിച്ച സംഭവത്തിലെ പ്രതി ശംഭുലാൽ റെഗാറിന് ആളുമാറിപ്പോയതാണെന്ന് പൊലീസ്. ക്രൂരമായ കൊലപാതകത്തിന് ശേഷം കൊലയാളി തന്നെ ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് രാജസ്ഥാനിലും മറ്റും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ശംഭുലാൽ യഥാർഥത്തിൽ കൊല്ലാനുദ്ദേശിച്ചത് അഫ്റസൂലിനെയല്ല, മാൽഡയിൽ നിന്നു തന്നെയുള്ള മറ്റൊരു തൊഴിലാളിയായ അജ്ജു ഷേയ്ഖ് ആയിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഫോണിൽ മാത്രം സംസാരിച്ചിട്ടുള്ള അജ്ജുവിനെ കണ്ടപ്പോൾ ശംഭുലാലിന് തിരിച്ചറിയാനായില്ല.
അജ്ജുവിനെ കൊല്ലാൻ തീരുമാനിച്ച ശംഭുലാൽ മാർക്കറ്റിൽ പോയി നമ്പർ അന്വേഷിച്ചു. പക്ഷെ അജ്ജു ഷേയ്ഖിന്‍റെ നമ്പർ അന്വേഷിച്ച ശംഭുലാലിന് ലഭിച്ചത് അഫ്റസൂലിന്‍റെ മൊബൈൽ നമ്പറാണ്.
തനിക്ക് ലഭിച്ച നമ്പറിൽ വിളിച്ച് പ്ളോട്ടിന്‍റെ അതിർത്തി തിരിക്കുന്ന പണിയുണ്ട് എന്ന് ധരിപ്പിച്ചാണ് ശംഭുലാൽ അഫ്റസൂലിനെ വിളിച്ചുവരുത്തിയത്. ഇതിനു ശേഷം ഇയാൾ വീട്ടിലേക്ക് പോയി പിക്കാസും മറ്റ് സാധനങ്ങളും എടുത്ത് തിരിച്ചുവരികയായിരുന്നു. ദൃശ്യങ്ങൾ റെക്കോഡ് ചെയ്യാനായി മരുമകനേയും ഇയാൾ കൂടെക്കൂട്ടി. പിന്നീട് അഫ്റസൂലിനെയും വിളിച്ച് ചായ കുടിക്കാൻ പോയ സ്ഥലത്ത് വെച്ചാണ് ക്രൂരമായി കൊലപ്പെടുത്തുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തത്.
കൊലപാതകത്തിന് കാരണക്കാരിയായ സ്ത്രീ ശംഭുവിന്‍റെ അയൽക്കാരിയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇയാൾ സഹോദരിയെ പോലെ കണക്കാക്കുന്നു എന്ന് പറഞ്ഞിരുന്ന യുവതിയുമായി ശംഭുലാലിന് അടുപ്പമുണ്ടായിരുന്നതായും ചിലർ പറയുന്നു.
2010ൽ മുഹമ്മദ് ബബ്ലു ഷേയ്ഖ് എന്നയാളോടൊപ്പം പശ്ചമിബംഗാളിലെ മാൽഡയിലേക്ക് ഈ യുവതി നാടുവിട്ടിരുന്നു. അമ്മയും അമ്മാവനും ചേർന്ന് യുവതിയെ തിരികെ കൊണ്ടുവന്നെങ്കിലും അജ്ജു ഷേയ്ഖിനൊപ്പം യുവതി വീണ്ടും മാൽഡയിലേക്ക് പോയി. ഇതേതുടർന്ന് യുവതിയെ ഫോണിൽ വിളിച്ച ശംഭുലാൽ, അജ്ജുവുമായി കലഹിച്ചതായി പറയപ്പെടുന്നു.
യുവതിയുടെ അമ്മയുടെ ആവശ്യപ്രകാരം 2012ൽ ശംഭുലാൽ ഇവരെ വീണ്ടും തിരികെകൊണ്ടുവന്നു. എന്നാൽ നാലോ അഞ്ചോ മാസങ്ങൾക്ക് മുമ്പ് അജ്മീറിൽ വെച്ച് യുവതിയെ അജ്ജു കണ്ടുമുട്ടി. അജ്ജുവിനൊപ്പം യുവതി തിരികെ പോകുമെന്ന് ആശങ്കയുള്ളതിനാലാണ് അജ്ജുവിനെ കൊല്ലാൻ ശ്രമിച്ചതെന്നാണ് ശംഭുലാൽ നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
