'സംശയം തോന്നിയാൽ ബട്ടൻ അമർത്തിയാൽ മതി'; ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്ക് വിലങ്ങിടാൻ ‘കിൽ സ്വിച്ച്’
text_fieldsന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് പോലുള്ള ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രശ്നത്തെ നേരിടാൻ ‘കിൽ സ്വിച്ച്’ എന്ന ആശയം നിർദേശിച്ച് ഉന്നതതല സമിതി. സുപ്രീംകോടതി നിർദേശത്തെതുടർന്ന് ആഭ്യന്തരമന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് കിൽ സ്വിച്ച് എന്ന ആശയം അവതരിപ്പിച്ചത്. ബാങ്കിന്റെ ആപ്പിലോ യു.പി.ഐ ആപ്പിലോ ഇത്തരമൊരു എമർജൻസി ബട്ടൻ ഉൾപ്പെടുത്തുന്ന കാര്യമാണ് നിർദേശിച്ചിട്ടുള്ളത്. ഡിജിറ്റൽ തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നിയാൽ ബട്ടൻ അമർത്തി ബാങ്ക് അക്കൗണ്ടിൽനിന്നുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും തൽക്ഷണം ബ്ലോക്ക് ചെയ്യാൻ കഴിയുന്ന ഉപാധിയാണ് കിൽ സ്വിച്ച്.
ആക്ടിവേറ്റ് ചെയ്താൽ, ഉപയോക്താവിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും അടിയന്തര ഘട്ടത്തിൽ ഉടനടി മരവിപ്പിക്കാൻ കഴിയും. തട്ടിപ്പുകാർക്ക് തങ്ങൾ ഉന്നമിട്ട ഇരകളുടെ അക്കൗണ്ടുകളിലെ പണം പിൻവലിക്കാനോ ഇടപാടുകൾ നടത്താനോ കഴിയാതെവരും. ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ സഹായകമാകുന്ന സംവിധാനങ്ങളും സമിതി നിർദേശിച്ചിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുതകുന്ന ഇൻഷുറൻസ് സംവിധാനവും സമിതിയുടെ ശിപാർശകളിൽ ഉൾപ്പെടുന്നു. വാണിജ്യ ബാങ്കുകൾ തട്ടിപ്പുകളിൽനിന്നുള്ള റിസ്ക്ക് കുറക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിക്കുന്ന കാര്യം ആലോചിക്കുന്നുമുണ്ട്. ഡിജിറ്റൽ പേമെന്റ് പ്രൊട്ടെക്ഷൻ ഫണ്ട് ഏർപ്പെടുത്തണമെന്ന നിർദേശം റിസർവ് ബാങ്കിന്റെ പേമെന്റ് വിഷൻ 2025 റിപ്പോർട്ടും മുന്നോട്ടുവെക്കുന്നു.
തട്ടിപ്പിലൂടെയുള്ള ഇടപാടുകൾ തൽക്ഷണം കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ചും ആലോചനയുണ്ട്. ഇരയുടെ അക്കൗണ്ടിൽനിന്നെടുക്കുന്ന പണം പല വ്യാജ അക്കൗണ്ടുകളിലേക്ക് വിഭജിച്ചിടുന്നത് ഉടൻ തടയാൻ കഴിയുന്ന മാർഗങ്ങളാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. അത്തരമൊരു ഉദ്യമം വിജയിച്ചാൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കൽ എളുപ്പമാകും. കഴിഞ്ഞ ഡിസംബറിലാണ് തട്ടിപ്പിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

