'ഭരണഘടന സംരക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണം'; വിവാദമായി കോൺഗ്രസ് നേതാവിന്റെ പ്രസംഗം
text_fieldsഭരണഘടന സംരക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണം എന്ന കോൺഗ്രസ് നേതാവിന്റെ പരാമർശം വൻ വിവാദങ്ങൾക്ക് വഴിവെച്ചു. കോൺഗ്രസ് നേതാവ് രാജ പടേരിയയാണ് രാജ്യത്തെ ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണം എന്ന് പ്രസംഗിച്ചത്. അതേസമയം, പ്രസംഗം വിവാദമായതിനെ തുടർന്ന് പടേരി വിശദീകരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക എന്നാണ് പ്രസംഗത്തിൽ താൻ ഉദ്ദേശിച്ചതെന്നും സന്ദർഭത്തിൽനിന്നും അടർത്തിമാറ്റിയാണ് പ്രചാരണം എന്നും അദ്ദേഹം 'ഇന്ത്യാ ടുഡേ'യോട് പറഞ്ഞു. മുൻ മധ്യപ്രദേശ് മന്ത്രി കൂടിയായ പടേരിയ പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് വിവാദ പ്രസ്താവന നടത്തിയത്.
'ഭരണഘടനയെ രക്ഷിക്കാൻ' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തണമെന്നായിരുന്നു പ്രസ്താവന. അതേസമയം, കോൺഗ്രസ് പാർട്ടി മുസോളിനിയുടേതാണെന്നും മഹാത്മാഗാന്ധിയുടേതല്ലെന്നും കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി രംഗത്തുവന്നു. "ഈ കോൺഗ്രസ് പാർട്ടി മഹാത്മാഗാന്ധിയുടേതല്ലെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പടേരിയയുടെ പ്രസ്താവന ഞാൻ മനസിലാക്കുന്നു" -മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി നേതാവ് നരോത്തം മിശ്ര പറഞ്ഞു. "ഈ കോൺഗ്രസ് ഇറ്റലിയുടേതാണ്. അതിന്റെ പ്രത്യയശാസ്ത്രം മുസോളിനിയുടേതാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഞാൻ എസ്.പിക്ക് നിർദ്ദേശം നൽകി" -നരോത്തം മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

