ആമിർ ഖാനെ വധിക്കുന്നവർക്ക് അഞ്ചു കോടി പാരിതോഷികം; ഭീഷണിയുമായി അയോധ്യയിലെ വിവാദ സന്യാസി, നടന്‍റെ സുരക്ഷയിൽ ആശങ്ക
text_fieldsഅയോധ്യ: ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനെ വധിക്കുന്നവർക്ക് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യയിലെ വിവാദ സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ.
സുഹൃത്തായ ഗൗരി സ്പ്രാറ്റിനെ ആമിർ ഖാൻ വിവാഹം ചെയ്തതിനു പിന്നാലെയാണ് ജഗദ്ഗുരു ആചാര്യയുടെ വധഭീഷണി. കൊലപാതകത്തിനുശേഷം പ്രതിയുടെ കുടുംബത്തിന് പണം കൈമാറുമെന്നും എല്ലാ നിയമപരമായ ചെലവുകളും താൻ വഹിക്കുമെന്നും അദ്ദേഹത്തിന്‍റെ വിഡിയോ സന്ദേശത്തിൽ പറയുന്നു. നേരത്തെ,
ആമിർ ഖാന്റെ വിവാഹത്തിനെതിരെ ഹിന്ദുത്വ സംഘടനകളും ബി.ജെ.പി നേതാക്കളും രംഗത്തുവന്നിരുന്നു. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ആമിർ ഖാനെ ‘ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ’ എന്നാണ് വിശേഷിപ്പിച്ചത്.
മന്ത്രിയുടെ ആരോപണങ്ങളെ പൂര്‍ണമായും ശരിവെക്കുന്നു എന്ന് പറഞ്ഞായിരുന്നു വിവാദ സന്യാസിയുടെ ഭീഷണി പ്രസ്താവന. ആമിർ ഖാൻ മൂന്ന് തവണ വിവാഹം കഴിച്ചെന്നും അദ്ദേഹത്തിന്റെ എല്ലാ ഭാര്യമാരും ഹിന്ദു സ്ത്രീകളാണെന്നും പരമഹംസ് ആചാര്യ അവകാശപ്പെട്ടു. നടൻ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്നും ഹിന്ദു സ്ത്രീകളെ ലക്ഷ്യം വെക്കുകയാണെന്നും ആചാര്യ ആരോപിച്ചു. ‘ആമിർ ഖാനെ വധിക്കുന്നവർക്ക് ഞാൻ അഞ്ചു കോടി രൂപ പാരിതോഷികം നൽകുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ആ പണം അവരുടെ കുടുംബത്തിന് ലഭിക്കും, അവരുടെ നിയമപോരാട്ടത്തിനുള്ള മുഴുവൻ ചെലവും വ്യക്തിപരമായി വഹിക്കും’ -പരമഹംസ് വിഡിയോയിൽ പറയുന്നു.
ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ജഗദ്ഗുരു പരമഹംസിന്റെ വിദ്വേഷ പ്രസ്താവന. പരസ്യമായി കൊലവിളി നടത്തിയ സന്യാസിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും വിഡിയോ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും സമൂഹമാധ്യമങ്ങളിൽ പലരും ആവശ്യപ്പെട്ടു. വിഷയത്തിൽ ആമിർ ഖാനോ അദ്ദേഹത്തിന്റെ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെയും വിവാദ-വിദ്വേഷ പ്രസ്താവനകളുമായി ജഗദ്ഗുരു പരമഹംസ് ആചാര്യ രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം, നടന്റെ സുരക്ഷാ ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബിഹാറിലെ ഫോർബ്സ്ഗഞ്ച് ഏരിയയിൽ താരത്തിന്റെ കോലം കത്തിച്ച് ബജ്റങ് ദൾ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കാവി ഷാൾ ധരിച്ച ഹിന്ദുത്വ പ്രവർത്തകർ ‘ആമിർ ഖാൻ മൂർദാബാദ്’, ‘ആമിർ ഖാൻ ജിഹാദി ഭാരത് ജോഡോ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് കോലം കത്തിച്ചത്. താരത്തിന്റെ മുൻ വിവാഹങ്ങളും ഗൗരിയുമായുള്ള വിവാഹവും ചൂണ്ടിക്കാട്ടി, ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് ആമിർ ഖാൻ ലവ് ജിഹാദ് നടത്തുകയാണെന്നായിരുന്നു ബജ്റങ് ദളിന്റെ ആരോപണം.
ജൂലൈ അഞ്ചിനായിരുന്നു ആമിറിന്റെയും ഗൗരിയുടെയും വിവാഹം. തമിഴ്-ഐറിഷ് പശ്ചാത്തലമുള്ള ഗൗരി സ്പ്രാറ്റ് ക്രിസ്ത്യൻ വിശ്വാസമാണ് പിന്തുടരുന്നതെന്നും ഹിന്ദുമതമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആമിർ ഖാൻ നേരത്തേ, റീന ദത്തയെയും കിരൺ റാവുവിനെയും വിവാഹം കഴിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

