കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ ഒത്തുതീർപ്പിലൂടെ റദ്ദാക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളിൽ പ്രതികൾക്കെതിരായ ക്രിമിനൽ നടപടികൾ ഇരുകക്ഷികളും ഒത്തുതീർപ്പിലെത്തുന്നതിലൂടെ റദ്ദാക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി. വിലപേശലും ഒത്തുതീർപ്പും നടക്കുന്നതിലൂടെ കുട്ടികൾ ഒരു ചരക്കായി മാറുന്ന സംസ്കാരമാണുണ്ടാകുന്നതെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും എതിരാണെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമ വ്യക്തമാക്കി.
'കുട്ടികളെ തട്ടിക്കൊണ്ടുപോയി വിലപേശുകയും പിന്നീട് ഒത്തുതീർപ്പിലെത്തുകയും ചെയ്യുന്ന സംസ്കാരം വളരുന്നതിലൂടെ കുട്ടികൾ ഒരു വിപണന ചരക്കായി മാറുന്നു. ഇത് അവരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും എതിരും നിയമവിരുദ്ധവുമാണ്' -ജഡ്ജി പറഞ്ഞു.
രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കുഞ്ഞുങ്ങളുടെ പിതാവിന്‍റെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, സംഭവം ഒത്തുതീർപ്പിലെത്തിയെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്.
കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതി ഇവരെ മറ്റൊരു ദമ്പതികൾക്ക് വിറ്റിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കുകയെന്നത് വളരെയേറെ ആശങ്കയുയർത്തുന്ന കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം ആശങ്കയുണ്ടാക്കുന്നതും നിയമസങ്കീർണതയുണ്ടാക്കുന്നതുമാണ് പ്രതികളും കുട്ടികളുടെ രക്ഷിതാക്കളും തമ്മിൽ ഒത്തുതീർപ്പിലെത്തുന്നത് -കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

