ബെല്ലാരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഡോക്ടറെ രക്ഷപ്പെടുത്തി; മോചിപ്പിക്കാൻ ആവശ്യപ്പെട്ടത് ആറ് കോടി
text_fieldsബംഗളൂരു: കർണാടക ബെല്ലാരിയിൽ തട്ടിക്കൊണ്ടുപോയ ഡോക്ടറെ രക്ഷപ്പെടുത്തി. ബെല്ലാരി ജില്ല ആശുപത്രിയിലെ ഡോ. സുനിലിനെയാണ് സത്യനാരായണ പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ആറ് കോടി രൂപ നൽകിയാൽ ഡോക്ടറെ മോചിപ്പിക്കുമെന്നാണ് തട്ടിക്കൊണ്ടുപോയവർ കുടുംബാംഗങ്ങളെ അറിയിച്ചത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. എന്നാൽ, പൊലീസ് അന്വേഷണം തുടരവേ ശനിയാഴ്ച വൈകീട്ടോടെ ഡോക്ടറെ സോമസമുദ്ര ഗ്രാമത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഡോക്ടർ സുരക്ഷിതനാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഡോക്ടറെ കാറിലെത്തിയ ഒരു സംഘമാണ് തട്ടിക്കൊണ്ടുപോയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആറ് കോടി രൂപ നൽകിയാൽ ഡോക്ടറെ മോചിപ്പിക്കാമെന്ന് തട്ടിക്കൊണ്ടുപോയവർ സഹോദരനും ബെല്ലാരി മദ്യ വ്യവസായി അസോസിയേഷൻ പ്രസിഡന്‍റുമായ വിനോദിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് നഗരത്തിൽ നിന്ന് അകലെയുള്ള ഗ്രാമത്തിൽ ഡോക്ടറെ ഉപേക്ഷിച്ചത്.
പൊലീസ് പരിശോധന ശക്തമാക്കിയതോടെ തട്ടിക്കൊണ്ടുപോയവർക്ക് ജില്ലക്ക് പുറത്തേക്ക് പോകാൻ സാധിച്ചില്ലെന്നും അതിനാലാണ് ഡോക്ടറെ വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നതെന്നും ബെല്ലാരി പൊലീസ് സൂപ്രണ്ട് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

