അടിയും ഇടിയും തൊഴിയും, അമ്മയെ വിളിച്ച് കരഞ്ഞ് യുവാവ്, ട്രാഫിക് ലംഘനത്തിന് കറുത്ത വർഗക്കാരനെ യു.എസ് പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsവാഷിങ്ടൺ: ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിൽ കറുത്ത വർഗക്കാരനെ ക്രൂരമായി മർദിക്കുകയും ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെടുകയും ചെയ്ത സംഭവത്തിൽ പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മെംഫിസ് നഗരത്തിലെ സ്റ്റേഷനിലെ കറുത്ത വർഗക്കാർ തന്നെയായ അഞ്ച് ഉദ്യോഗസ്ഥരാണ് 29കാരനായ ടയർ നിക്കോൾസിനെ മർദിച്ച് കൊലപ്പെടുത്തിയത്. നിക്കോൾസിനെ അടിക്കുകയും അടിയേറ്റ് അവശനായ ഇയാളെ ചവിട്ടുകയും മുട്ടിലിഴക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
ജനുവരി ഏഴിനായിരുന്നു സംഭവം. യുവാവ് അശ്രദ്ധമായി വാഹനമോടിച്ചതിന് പൊലീസ് സംഘം പിന്തുടർന്ന് തടഞ്ഞ് നിർത്തുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
മർദനത്തിന്റെ ദൃശ്യങ്ങളിലൊന്നിൽ നിക്കോൾസ് മുട്ടുകുത്തി നിൽക്കുകയാണ്. മൂന്ന് തവണ വ്യക്തമായി അമ്മയെ വിളിക്കുന്നുണ്ട്. ആ സമയം ഉദ്യോഗസ്ഥർ അവന്റെ മുഖത്ത് കുത്തുകയും ചവിട്ടുകയും ചെയ്യുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവാവ് മൂന്ന് ദിവസത്തിന് ശേഷം ജനുവരി 10 ന് മരിച്ചു.
പുറത്തുവിട്ട നാല് വിഡിയോകളിൽ ഏറ്റവും ദൈർഘ്യമേറിയത് യു.എസിലെ തെക്കൻ നഗരത്തിലെ വൈദ്യുത തൂണിലുള്ള ഓവർഹെഡ് ക്യാമറയിൽ നിന്നുള്ളതാണ്. ഇത് 31 മിനിറ്റ് നീണ്ടുനിൽക്കും. എന്നാൽ, ഇതിൽ ശബ്ദമില്ല.
മറ്റൊരു വിഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥർ നിക്കോൾസിനെ നിലത്തിട്ട് മർദിക്കുന്നു. ഒരാൾ അവന്റെ തോളിൽ മുട്ടുമടക്കി കുത്തുമ്പോൾ, മറ്റൊരു ഉദ്യോഗസ്ഥൻ അവനെ തുടർച്ചയായി ചവിട്ടുന്നു. ഉദ്യോഗസ്ഥർ നിക്കോൾസിന്റെ മുഖത്ത് നിരവധി തവണ ഇടിക്കുന്നുണ്ട്. ഇടിയേറ്റ് വീഴുന്ന നിക്കോൾസിനെ വീണ്ടും ഉയർത്തി നിർത്തി നിരന്തരം ഇടിക്കുകയാണ്. ഒടുവിൽ ഇയാൾ മുഖമടിച്ച് കമിഴ്ന്ന് നിലത്ത് വീഴുന്നു. തുടർന്ന് ഒരു ഉദ്യോഗസ്ഥർ ഇയാളെ പൊക്കിയെടുത്ത് ക്രൂയിസറിൽ ഇരുത്തുന്നു.
കഠിനമായ വേദനയിൽ പുളഞ്ഞുകൊണ്ടാണ് നിക്കോൾസ് വാഹനത്തിൽ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ തല നേരെ നിൽക്കാതെ കഴുത്ത് ഒടിഞ്ഞ് വീണുകൊണ്ടിരിക്കുകയായിരുന്നു. ഓരോ തവണ കഴുത്തൊടിയുമ്പോഴും ഒരു പൊലീസുകാരൻ തല നേരെയാക്കി നിർത്തുന്നതും വിഡിയോയിൽ കാണാം.
കൂടുതൽ പൊലീസ് സ്ഥലത്തെത്തുന്നതും അടിയന്തര ചികിത്സാ സഹായത്തിന് കാത്തു നിൽക്കുന്നതും വിഡിയോയിലുണ്ട്.
മെംഫിസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട മറ്റ് മൂന്ന് വീഡിയോകളും ഓഫീസർമാരുടെ ചെസ്റ്റ് ക്യാമറകളിൽ നിന്നുള്ളതും വ്യത്യസ്ത കാഴ്ചപ്പാടുകൾ നൽകുന്നതുമാണ്.
കൊലപാതകത്തിൽ പ്രതികളായ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ഡെമെട്രിയസ് ഹാലെ, ഡെസ്മണ്ട് മിൽസ് ജൂനിയർ, എമ്മിറ്റ് മാർട്ടിൻ, ജസ്റ്റിൻ സ്മിത്ത്, ടഡാരിയസ് ബീൻ
സംഭവത്തിൽ അഞ്ച് അമേരിക്കൻ പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കിഴക്കൻ സംസ്ഥാനമായ ടെന്നസിയിലുണ്ടായ സംഭവത്തിൽ രണ്ടാം ഡിഗ്രി കൊലക്കുറ്റമാണ് പൊലീസുകാർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനു പുറമേ, ആക്രമണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളും ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുണ്ട്.
അഞ്ച് പേരിൽ നാല് പേരും ജാമ്യം ലഭിച്ചതിന് ശേഷം ജയിൽ മോചിതരായതായെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ചതിനും കുരുമുളക് സ്‌പ്രേ ചെയ്തതിനും മകനെ അറസ്റ്റ് ചെയ്തെന്ന് പറയാൻ പൊലീസ് തന്റെ വീട്ടിൽ വന്നിരുന്നെന്നും അത് അവനോട് ചെയ്ത ക്രൂരത മറച്ചുവെക്കാനുള്ള ശ്രമമായിരുന്നു അതെന്നും നിക്കോൾസിന്റെ മാതാവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

