മതസൗഹാർദത്തിനായി ക്ഷേത്രമുറ്റത്ത് നമസ്കരിച്ചു; യു.പിയിൽ സാമൂഹിക പ്രവർത്തകൻ അറസ്റ്റിൽ
text_fieldsലഖ്നോ: മതസാഹോദര്യം പ്രചരിപ്പിച്ച് നടത്തിയ തീർഥയാത്രക്കിടയിൽ അമ്പലമുറ്റത്ത് നമസ്കരിച്ചതിന് സാമൂഹിക- മനുഷ്യാവകാശ പ്രവർത്തകൻ ഫൈസൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗഫാർ ഖാൻ രൂപം നൽകിയ ഖുദായി ഖിദ്മത്ഗാർ (ദൈവിക സേവകർ) എന്ന സേവന സംഘടനയുടെ ദേശീയ കൺവീനറാണ് ഫൈസൽ ഖാൻ.
മതസൗഹാർദ സന്ദേശമുയർത്തി ഒക്ടോബർ 24 മുതൽ 29 വരെ വിവിധ ആരാധനാലയങ്ങളിലേക്ക് ഖാൻ യാത്ര സംഘടിപ്പിച്ചിരുന്നു. 29ന് മഥുരയിലെ നന്ദ്ബാബാ ക്ഷേത്രത്തിലെത്തിയ ഖാനും കൂട്ടുകാരും ഉച്ച നമസ്കാരത്തിന് പോകാൻ ഒരുങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന നാട്ടുകാർ അമ്പലമുറ്റത്തുതന്നെ നമസ്കരിക്കാൻ അനുമതി നൽകുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ക്ഷേത്ര പൂജാരിയുമായി മനുഷ്യസ്നേഹത്തെക്കുറിച്ചും വേദങ്ങളെക്കുറിച്ചും ചർച്ച ചെയ്താണ് ഖാൻ പിരിഞ്ഞത്.
എന്നാൽ, ക്ഷേത്രമുറ്റത്ത് നമസ്കരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചിത്രം മാറി. ക്ഷേത്രപൂജാരി കൻഹാ ഗോസ്വാമിയുടെ പരാതിയിൽ മതസൗഹാർദം തകർക്കൽ, ആരാധനാലയങ്ങളുടെ പവിത്രത നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഖാനെതിരെ കേസെടുത്തത്. പ്രവൃത്തിക്കു പിന്നിൽ വിദേശ ഫണ്ടിങ് സംശയിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു.
കേസ് യു.പി രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായി മഥുര എസ്.പി ഗൗരവ് അറോറ അറിയിച്ചു. മതവിഭാഗങ്ങൾക്കിടയിൽ കുഴപ്പങ്ങളുണ്ടാക്കലായിരുന്നു സംഭവത്തിെൻറ ലക്ഷ്യമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും സംസ്ഥാന മന്ത്രി ശ്രീകാന്ത് ശർമ മുന്നറിയിപ്പ് നൽകി. ഖാെൻറ ഒപ്പമുണ്ടായിരുന്ന ചാന്ദ് മുഹമ്മദ്, നിലേഷ് ഗുപ്ത, സാഗർ രത്ന എന്നിവർക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

