വോട്ട് വിലക്ക്: ചർച്ച ആവശ്യപ്പെട്ട് ഉപാധ്യക്ഷന് ഖാർഗെയുടെ കത്ത്
text_fieldsന്യൂഡൽഹി: ബിഹാർ വോട്ടു ബന്ദിയിൽ പാർലമെന്റ് സ്തംഭനം തുടരുന്നതിനിടെ, വിഷയം ചർച്ച ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശിന് കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ചർച്ച സാധ്യമല്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷനു പുറമെ, കേന്ദ്ര പാർലമെന്ററി കാര്യമന്ത്രിയും വ്യക്തമാക്കിയെങ്കിലും പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടുപോയി. ബുധനാഴ്ചയും ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു.
ഭൂമിക്ക് കീഴിലുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സഭക്ക് അധികാരമുണ്ടെന്ന് 2023 ജൂലൈ 21ന് അന്നത്തെ രാജ്യസഭാ ചെയർമാൻ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഖാർഗെയുടെ കത്ത്. കോടിക്കണക്കിന് വോട്ടർമാരെ, പ്രത്യേകിച്ച് സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽപ്പെട്ടവരെ ബാധിക്കുന്ന പരമപ്രധാനമായ വിഷയത്തിൽ ചർച്ച വേണമെന്ന് തന്റെ സ്വന്തം പേരിലും രാജ്യസഭയിലെ പ്രതിപക്ഷ പാർട്ടികൾക്കുവേണ്ടിയും അഭ്യർഥിക്കുകയാണ്.
നിലവിലെ സമ്മേളനത്തിന്റെ ആദ്യദിവസം മുതൽ സഭയിൽ അടിയന്തരചർച്ച വേണമെന്ന് പ്രതിപക്ഷ എം.പിമാർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി. ബുധാനാഴ്ച രാവിലെ പാർലമെന്റ് സമ്മേളനം ആരംഭിച്ചയുടൻ ഇരുസഭകളിലും പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്സഭയും രാജ്യസഭയും ഉച്ചവരെ പിരിഞ്ഞു. ഉച്ചക്കു ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോൾ വോട്ടർ പട്ടിക വിഷയത്തിൽ ചർച്ച സാധിക്കില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ പറഞ്ഞു.
ഭരണഘടനാപരമായി സ്വയംഭരണ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സഭയിൽ ചർച്ച ചെയ്യാനാവില്ലെന്നാണ് സർക്കാർ നിലപാട്. പിന്നാലെ പ്രതിപക്ഷം ബഹളം കടുപ്പിച്ചതോടെ ലോക്സഭ വ്യാഴാഴ്ചയിലേക്ക് പിരിഞ്ഞു.
രാജ്യസഭയിൽ മറ്റു വിഷയങ്ങളിൽ സംസാരിക്കാൻ സമയം ലഭിച്ച ഹാരിസ് ബീരാനും സന്തോഷ് കുമാറും വി. ശിവദാസനും ബിഹാർ വിഷയം ഉയർത്തിയതോടെ മൈക്ക് ഓഫ് ചെയ്തു. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ രാജ്യസഭയും വ്യാഴാഴ്ചയിലേക്ക് പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

