Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അടച്ചിട്ട മുറിയിലിരിക്കുന്ന അമിത് ഷായെ വലിച്ച് പുറത്തിടും’- രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയുടെ മുന്നറിയിപ്പ്

text_fields
bookmark_border
‘അടച്ചിട്ട മുറിയിലിരിക്കുന്ന അമിത് ഷായെ വലിച്ച് പുറത്തിടും’- രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയുടെ മുന്നറിയിപ്പ്
cancel

ന്യൂഡൽഹി: പാർലമെന്റിന്റെ ഇരു സഭകളിലേക്കും വരാതെ പാർലമെന്റ് മന്ദിരത്തിലെ അടച്ചിട്ട മുറിയിലിരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് എന്നന്നേക്കുമായി ഒളിച്ചിരിക്കാൻ കഴിയില്ലെന്നും, ആ മുറിയിൽ നിന്ന് വലിച്ച് പുറത്തിടുമെന്നും കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ മുന്നറിയിപ്പ്.

താൻ സഭയിൽ പറയുന്ന ഇക്കാര്യങ്ങൾ അമിത് ഷാ മുറിയിൽ ഒളിച്ചിരുന്ന് കേൾക്കുന്നുണ്ടാകുമെന്ന് പറഞ്ഞാണ് എക്കാലവും ഒളിച്ചിരിക്കാൻ കഴിയില്ലെന്ന് ഖാർഗെ ഓർമിപ്പിച്ചത്. താനല്ല, ജനങ്ങളായിരിക്കും അമിത് ഷായെ വലിച്ചു പുറത്തിടുന്നതെന്നും പൊതു പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചക്ക് പ്രതിപക്ഷത്തുനിന്ന് തുടക്കമിട്ട് ഖാർഗെ കൂട്ടിച്ചേർത്തു.

ഖാർഗെയുടെ വിമർശനത്തിനെതിരായ ബി.ജെ.പി എം.പിമാരുടെ പ്രതിഷേധത്തിൽ സഭ പ്രക്ഷുബ്ധമായി. ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രക്ഷോഭത്തിൽ നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ഇരുസഭകളിലും വരാതെ അമിത് ഷാ മൗനം പുലർത്തുന്നതിനെതിരെ അതിരൂക്ഷമായ വിമർശനം നടത്തിയ ഖാർഗെ, ആഭ്യന്തരമന്ത്രിയുടെ വായ തുന്നിക്കെട്ടി വെച്ചിരിക്കുകയാണെന്ന് പരിഹസിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമെത്തിയ കുട്ടികൾക്ക് നേർക്കാണ് പെല്ലെറ്റ് ആക്രമണം നടന്നത്. ഒരാൾക്ക് കണ്ണ് നഷ്‍ടപ്പെട്ടു, ഒരാൾക്ക് കാത് നഷ്‍ടപ്പെട്ടു, മറ്റൊരാൾക്ക് കൈ നഷ്‍ടപ്പെട്ടു, മറ്റു ചിലരുടെ കാലുകൾ തല്ലിയൊടിച്ചു. എന്നിട്ടും പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിശ്ശബ്‍ദത പുലർത്തുകയാണ്. വിശദീകരണം നൽകിയില്ലെങ്കിൽ വിദ്യാർഥികൾ ഒരിക്കൽ കൂടി അവരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖാർഗെയുടെ പരാമർശങ്ങളിൽ പ്രതിഷേധവുമായി സഭാ നേതാവും കേന്ദ്ര മന്ത്രിയുമായ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ എഴുന്നേറ്റു. പാർലമെന്‍റിന് നിരക്കാത്ത പദപ്രയോഗങ്ങളാണിതെന്നും സഭാരേഖകളിൽനിന്ന് അത് നീക്കണമെന്നും നഡ്ഡ പറഞ്ഞു. എന്നാൽ, പാർലമെന്‍റിന് നിരക്കാത്ത ഭാഷ ഉപയോഗിച്ചിട്ടില്ലെന്ന് ഖാർഗെ മറുപടി നൽകി. മുറിയിൽ നിന്ന് വലിച്ച് പുറത്തിടുമെന്ന് പറഞ്ഞത് താൻ ചെന്ന് വലിച്ചിറക്കുമെന്നല്ലെന്നും വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള ജനശക്തി വലിച്ചിറക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - അമിത് ഷായെ വലിച്ചിടും - ഖാർഗെ
Next Story