പ്രസംഗത്തിനിടെ മോദിയെ അനുകൂലിച്ച് സദസിൽ നിന്നും പ്രസ്താവന; പൊട്ടിത്തെറിച്ച് ഖാർഗെ, പട്നയിൽ നാടകീയ രംഗങ്ങൾ
text_fieldsപട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിഹാറിലെ പട്‌നയിൽ മുൻ മുഖ്യമന്ത്രി ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഖാർഗെ രൂക്ഷമായി വിമർശിച്ചത്. പ്രസംഗത്തിനിടെ മോദി എവിടെയും പോകില്ലെന്ന് സദസ്സിലുണ്ടായിരുന്ന ഒരാൾ വിളിച്ചുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് 'മോദി കാ ബാപ് ഭി ജായേഗാ' (മോദിയുടെ അച്ഛൻ പോലും പോകും) എന്നായിരുന്നു ഖാർഗെയുടെ മറുപടി. ഇതോടെ ചടങ്ങിൽ സംഘർഷാവസ്ഥയുണ്ടായി.
പിന്നാലെ ഖാർഗെയുടെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. കേന്ദ്രമന്ത്രി അന്നപൂർണ ദേവി ഖാർഗെ നടത്തിയ പ്രസ്താവനയെ അപലപിച്ചു. കോൺഗ്രസ് അധ്യക്ഷനെപ്പോലെയുള്ള മുതിർന്ന നേതാവിൽനിന്ന് പ്രധാനമന്ത്രിക്കെതിരെ ഇത്തരമൊരു പ്രയോഗമുണ്ടായത് നിർഭാഗ്യകരമാണെന്നാണ് അന്നപൂർണ ദേവി പറഞ്ഞത്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ മരിച്ചുപോയ മാതാവിനുമെതിരെ കോൺഗ്രസ് നേതാക്കൾ നിരന്തരം അധിക്ഷേപം നടത്തുന്നുണ്ടെന്നും ഇത്തരം പെരുമാറ്റം ജനങ്ങൾ അംഗീകരിക്കില്ലെന്നും അവർ ആരോപിച്ചു. ഖാർഗെയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ഗോവ ബി.ജെ.പിയും വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഷ ഗുണ്ടകളുടെയും മാഫിയകളുടെയും ഭാഷയ്ക്ക് സമാനമാണെന്ന് ആരോപിച്ച അവർ, തങ്ങളുടെ വോട്ടർമാർ കോൺഗ്രസിന് മറുപടി നൽകുമെന്നും പറഞ്ഞു.
അതേ സമയം തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ സംബന്ധിച്ച ഇന്ത്യ സഖ്യത്തിന്റെ ആവശ്യങ്ങളും ഖാർഗെ ആവർത്തിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും 2023-ലെ നിയമം പിൻവലിക്കണമെന്നും പ്രതിപക്ഷം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് നിയമപരമായ സംരക്ഷണം നൽകുന്ന വ്യവസ്ഥകൾ ഈ നിയമത്തിലുണ്ടെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
എസ്.ഐ.ആർ നടപടികൾ ഉടൻ നിർത്തിവെക്കണമെന്നും നിയമവിരുദ്ധമായി വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത പേരുകൾ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും റദ്ദാക്കി അതിലൂടെ അധികാരത്തിലെത്തിയ സർക്കാറുകളെ പുറത്താക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

