Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖാർഗെ പങ്കെടുത്ത വേദി...

ഖാർഗെ പങ്കെടുത്ത വേദി ‘ശുദ്ധീകരി’ച്ച് ബി.ജെ.പിക്കാർ; ഹൽദ്വാനിയിൽ താൻ അപമാനിതനായി, പ്രതികളെ ജയിലിലടക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ

text_fields
bookmark_border
ഖാർഗെ പങ്കെടുത്ത വേദി ‘ശുദ്ധീകരി’ച്ച് ബി.ജെ.പിക്കാർ; ഹൽദ്വാനിയിൽ താൻ അപമാനിതനായി, പ്രതികളെ ജയിലിലടക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താൻ പങ്കെടുത്ത റാലി വേദിയിൽ വലതുപക്ഷ സംഘടന ‘ശുദ്ധീകരണം’ നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് ദലിതർക്ക് ഒരിടവുമില്ലെന്ന് വ്യക്തമാക്കിയ ഖാർഗെ, ഈ സംഭവം തന്നെ അപമാനിച്ചുവെന്നും വേദനയാണ് സമ്മാനിച്ചതെന്നും വ്യക്തമാക്കി. സംഭവത്തിൽ നിയമപ്രകാരം കേസെടുക്കണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച ഹൽദ്വാനിയിലെ രാംലീലാ മൈതാനിയിൽ നടന്ന കോൺഗ്രസിന്റെ ‘വിജയ് ശംഖ്നാദ്’ റാലിയിൽ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ചിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷം, ആഗസ്റ്റ് 10ന് ‘ശ്രീറാം സേന' എന്ന തീവ്ര വലതുപക്ഷ സംഘടന ഈ വേദിയിൽ ‘ശുദ്ധീകരണ കർമം’ നടത്തുകയായിരുന്നു.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച രാജ്യസഭയിൽ വിഷയം ഉന്നയിച്ചുകൊണ്ടാണ് ഖാർഗെ തന്റെ പ്രതിഷേധം അറിയിച്ചത്. ഞങ്ങൾ എപ്പോഴും പറയുന്നത് ഈ രാജ്യത്ത് ദലിതർക്ക് ഇടമില്ലെന്നാണ്. മതത്തിന്റെ പേരിൽ അവർ എല്ലാവരെയും ഭിന്നിപ്പിക്കുകയാണ്. അവിടെ ശുദ്ധീകരണം നടത്തേണ്ട എന്ത് ആവശ്യമാണുണ്ടായിരുന്നത്?’ - ഖാർഗെ ചോദിച്ചു.

‘എന്റെ പ്രസംഗത്തിന് ശേഷം ബി.ജെ.പിക്കാർ അവിടെ ശുദ്ധീകരിച്ചു. ജാതിവ്യവസ്ഥയുടെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യത്തിന് കളങ്കമാണ്. ഞാൻ ദലിതനാണ്, എന്നെ സംരക്ഷിക്കണം എന്ന് ആരോടും യാചിച്ചിട്ടില്ല.എനിക്ക് സ്വന്തമായി പൊരുതാനുള്ള കരുത്തുണ്ട്. എന്നാൽ ഹൽദ്വാനിയിലെ ആ ആചാരം എനിക്ക് നൊമ്പരവും വലിയ അപമാനവുമാണ് ഉണ്ടാക്കിയത്.ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമപ്രകാരം കേസെടുക്കണം.



രാംലീലാ മൈതാനം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പൊതുയോഗങ്ങൾക്കായി ഉപയോഗിക്കാനുള്ള വേദിയാണ്. എന്നാൽ അവർ ചെയ്തത് ഹിന്ദു മതത്തിന് തന്നെ എതിരാണെന്നും ജാതികൾ തമ്മിൽ സംഘർഷം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താൻ പ്രസംഗത്തിൽ ഏതെങ്കിലും സമുദായത്തെയോ മതത്തെയോ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും സർക്കാരിന്റെ വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ രാജ്യസഭയിൽ മറുപടി നൽകിയ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, സംഭവം ദൗർഭാഗ്യകരമാണെന്നും ബി.ജെ.പി അംഗങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അതേസമയം, ‘ശ്രീറാം സേന’ ബി.ജെ.പിയുമായി ബന്ധപ്പെട്ടതാണെന്നും ദലിത് വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ടാണ് ഈ ആചാരം നടത്തിയതെന്നും ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ആരോപിച്ചു. കർശന നടപടിയെടുക്കാത്ത നൈനിറ്റാൾ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസിന്റെ (എസ്.എസ്.പി) നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. ഇത് ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും സങ്കുചിത മാനസികാവസ്ഥയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കോൺഗ്രസിന്റെ ആരോപണങ്ങൾ ബി.ജെ.പി തള്ളി. ഖാർഗെയുടെ റാലിക്കിടെ സനാതന സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ചില മുദ്രാവാക്യങ്ങൾ ഉയർന്നതിനാലാണ് ആളുകൾ പ്രതിഷേധിച്ചതെന്ന് ബി.ജെ.പി സംസ്ഥാന വക്താവും മന്ത്രിയുമായ ഖജാൻ ദാസ് പ്രതികരിച്ചു. രാംലീലാ മൈതാനത്തിന് വലിയ മതപരമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീതാറാം കേസരി, ബാബു ജഗ്ജീവൻ റാം, ഡോ. ബി.ആർ. അംബേദ്കർ തുടങ്ങിയ പ്രമുഖ ദളിത് നേതാക്കളെ ചരിത്രത്തിലുടനീളം കോൺഗ്രസ് ആണ് അപമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം തിരിച്ചടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallikarjun KhargedalitpurificationHaldwani
News Summary - Kharge Slams 'Purification' At Haldwani Venue
Next Story