പിന്നാക്ക വിഭാഗങ്ങൾക്ക് തിരിച്ചടിയാകും; ജാതി സെൻസസ് രീതി മാറ്റണമെന്ന് ഖാർഗെയും രാഹുലും
text_fieldsന്യൂഡൽഹി: രാജ്യത്തെ ജാതി സെൻസസ് നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിലവിൽ ഉപയോഗിക്കുന്ന ചോദ്യാവലി ഒഴിവാക്കി മുൻകൂട്ടി പരിശോധിച്ച് തയ്യാറാക്കിയ ജാതിപ്പട്ടികയുടെ അടിസ്ഥാനത്തിൽ വിവരശേഖരണം നടത്തണമെന്നാണ് ഇരുവരുടെയും ആവശ്യം.
പൊതുവായ ചോദ്യങ്ങൾ വഴി ജാതികളുടെ കൃത്യമായ കണക്ക് ലഭിക്കില്ലെന്നാണ് ഖാർഗെ പറയുന്നത്. ഒരേ ജാതി വ്യത്യസ്ത പേരുകളിലോ ഉപജാതികളുടെ പേരുകളിലോ രേഖപ്പെടുത്തിയാൽ കണക്കുകൾ പല വിഭാഗങ്ങളായി വിഭജിക്കപ്പെടുമെന്നും ഇതിന്റെ തിരിച്ചടി ഒബിസി, അതിപിന്നാക്ക, പിന്നാക്ക വിഭാഗങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ചോദ്യാവലി പിൻവലിച്ച് സ്ഥിരീകരിച്ച ജാതിപ്പട്ടികയുടെ അടിസ്ഥാനത്തിൽ പുതിയ ചോദ്യാവലി തയ്യാറാക്കണമെന്നും ഇതിനായി രാഷ്ട്രീയ പാർട്ടികൾ, വിദഗ്ധർ, പൊതുജനങ്ങൾ എന്നിവരുമായി വിപുലമായ ചർച്ച നടത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ബിഹാറിലും തെലങ്കാനയിലും നടത്തിയ ജാതി സർവേകളിൽ മുൻകൂട്ടി തയ്യാറാക്കിയ പട്ടിക ഉപയോഗിച്ച രീതിയാണ് ദേശീയ തലത്തിലും സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സെൻസസിലും ബിഹാർ, തെലങ്കാന മാതൃക പിന്തുടരണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നതിനൊപ്പം സർവകക്ഷി യോഗം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
2027ലെ ജനസംഖ്യാ സെൻസസിൽ ജാതി വിവരശേഖരണം നടത്തുമെന്ന് കേന്ദ്ര സർക്കാർ 2025 ഏപ്രിൽ 30ന് പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യാ കണക്കെടുപ്പ് ഘട്ടത്തിൽ സമഗ്രമായ ജാതി വിവരശേഖരണം നടത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. 2011ലെ സെൻസസ് വരെ പട്ടികജാതി (എസ്.സി), പട്ടികവർഗം (എസ്.ടി) വിഭാഗങ്ങളുടെ കണക്കെടുപ്പ് മാത്രമാണ് വ്യവസ്ഥാപിതമായി നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

