‘പണിയെടുക്കാൻ വയ്യെങ്കിൽ പുറത്താക്കണം’- കോൺഗ്രസിൽ അഴിമതിക്കാരും നിർജ്ജീവ നേതാക്കളും വേണ്ടെന്ന് ഖാർഗെ
text_fieldsവഡോദര: അഴിമതിക്കാരും പ്രവർത്തന നിരതരല്ലാത്തവരുമായ നേതാക്കൾക്കെതിരെ കർശന നടപടി വേണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കൂട ആകെ ചീത്തയാവുന്നതിന് മുമ്പ് അഴുകിയ മാങ്ങ എടുത്തുമാറ്റുന്നതാണ് നല്ലതെന്നും ഖാർഗെ പറഞ്ഞു.
സ്വയം പ്രവർത്തിക്കാതെ വോട്ടർമാരെ പഴിചാരുന്ന നേതാക്കൾക്കെതിരെ കർശന നടപടി വേണം. പാർട്ടിയെ ബൂത്ത് തലം മുതൽ ശക്തിപ്പെടുത്തണം. ഇതിന് അച്ചടക്കവും ആത്മാർഥതയും ആശയപരമായ ഐക്യവും വേണം. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള വർധിച്ച ഉത്തരവാദിത്വം മനസിലാക്കി നേതാക്കൾ സ്വയം മുന്നിട്ടിറങ്ങണമെന്നും ഖാർഗെ പറഞ്ഞു. ജുനഗഡിൽ കോൺഗ്രസ് സംഘടിപ്പിച്ച നേതൃപരിശീലന കാമ്പിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.
മഹാത്മ ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും നേതൃത്വത്തിൽ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യവും ഐക്യവും തകർക്കുകയാണ് ബി.ജെ.പി. ഇപ്പോൾ, ഗുജറാത്തിൽ നിന്നുള്ള രണ്ടുപേർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയുയർത്തുന്നു. അവരിൽ ഒരാൾ എല്ലാ മന്ത്രാലയങ്ങളും സ്വന്തം കൈപ്പിടിയിലൊതുക്കി ഭരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ധനകാര്യം, സഹകരണം, ക്രമസമാധാനം, സാധ്യമെങ്കിൽ സൈന്യത്തിന്റെ നിയന്ത്രണം പോലും കയ്യാളണമെന്നാണ് അയാൾ ആഗ്രഹിക്കുന്നത്.
വ്യക്തിയെയല്ല, പ്രത്യയശാസ്ത്രത്തെയാണ് കോൺഗ്രസുകാർ നേരിടേണ്ടതെന്നും ഖാൾഗെ കൂട്ടിച്ചേർത്തു. ഒരു ചായക്കടക്കാരന്റെ മകൻ പ്രധാനമന്ത്രിയാകുന്നത് അഭിമാനകരമായ നേട്ടമാണ്. താനും ഒരു തൊഴിലാളിയുടെ മകനാണ്. ബി.ജെ.പി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഗാന്ധിയുടെയും സർദാർ പട്ടേൽലിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങണം. നേതാക്കൾ പാർട്ടി വിദ്യാഭ്യാസം നേടുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും വേണമെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോൾ ബ്രിട്ടീഷുകാരുടെ അടിമകളായിരുന്നു ബി.ജെ.പിയുടെ മുൻഗാമികൾ. സ്വാതന്ത്ര്യസമരം ശക്തിപ്രാപിക്കുന്ന സമയത്ത് ബ്രിട്ടീസ് സർക്കാരിലെ തസ്തികകൾക്ക് പിന്നാലെയായിരുന്നു ബി.ജെ.പി നേതാക്കൾ. കോൺഗ്രസുകാർ സ്വാതന്ത്ര്യ പോരാട്ടത്തിൽ തൂക്കിലേറ്റപ്പെട്ടപ്പോൾ ബി.ജെ.പിയുടെ മുൻഗാമികൾ എന്താണ് ചെയ്തിരുന്നതെന്ന് ജനങ്ങളറിയണം. 56 ഇഞ്ച് നെഞ്ചുണ്ടെന്ന് പറയുന്ന മോദി കൂടുതൽ കോട്ടുകൾ തയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഖാർഗെ പറഞ്ഞു.
പഴയ ബ്രിട്ടീഷ് ചാരൻമാരെല്ലാവരും ഇന്ന് കോൺഗ്രസിന് എതിരെ രംഗത്തുണ്ട്. ഒരിക്കൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയെയും നെഹ്രുവിനെയും എതിർത്തവർ ഇന്ന് കോൺഗ്രസിനെതിരെ രംഗത്തുണ്ട്. കോൺഗ്രസ് വെല്ലുവിളി നേരിടുമ്പോൾ അത് രാജ്യത്തിൻറെ മനസാക്ഷി നേരിടുന്ന വെല്ലുവിളിയാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് കയ്യേറ്റത്തെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ അദ്ദേഹം ചൈനക്ക് വേണ്ടി പണിയെടുക്കുന്നുവെന്നും പണം പറ്റുന്നുവെന്നും ബി.ജെ.പി ആരോപിച്ചു. എന്നാൽ ഇപ്പോൾ അവർ ചൈനയെ ആലിംഗനം ചെയ്യുന്നു. ബി.ജെ.പിയും മോദിയും രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഒപ്പമല്ല. സുഹൃത്തുക്കളായ രണ്ട് കച്ചവടക്കാർക്കായി രാജ്യത്തിന്റെ ഖജനാവും പൊതുമേഖലയും ബലികഴിക്കുകയാണ് ബി.ജെ.പിയെന്നും ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

