ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ 'സോലില്ലദ സരദാര'
text_fieldsബംഗളൂരു: 'സോലില്ലദ സരദാര' (തോൽവിയറിയാത്ത നേതാവ്) -കർണാടക രാഷ്ട്രീയത്തിൽ എം. മല്ലികാർജുന ഖാർഗെ വിശേഷിപ്പിക്കപ്പെടുന്നത് ഇങ്ങനെയാണ്. അരനൂറ്റാണ്ടായി രാഷ്ട്രീയരംഗത്ത് തിളങ്ങിനിൽക്കുന്ന ഈ 80കാരൻ എക്കാലത്തും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.
ഗുൽബർഗ ജില്ലയിലെ (ഇന്ന് കലബുറഗി) യൂനിയൻ നേതാവ് എന്ന എളിയ തുടക്കത്തിൽനിന്ന് രാജ്യസഭയുടെ 17ാമത് പ്രതിപക്ഷനേതാവിലേക്കുള്ള ഖാർഗെയുടെ വളർച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്.
1969ൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം ഗുർമിത്കൽ നിയമസഭ മണ്ഡലത്തിൽനിന്ന് തുടർച്ചയായി ഒമ്പതുതവണ ജയിച്ചാണ് തോൽവിയറിയാത്ത നേതാവ് എന്ന വിശേഷണത്തിന് അർഹനായത്. രണ്ടുതവണ ഗുൽബർഗ മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
മോദിതരംഗം ആഞ്ഞടിച്ച 2014ലെ തെരഞ്ഞെടുപ്പിലും 74,000 വോട്ടുകൾക്കാണ് ഖാർഗെ ഗുൽബർഗയിൽനിന്ന് ജയിച്ചത്. എന്നാൽ, 2019ൽ ബി.ജെ.പിയുടെ ഉമേഷ് യാദവിനോട് 95,452 വോട്ടുകൾക്ക് തോറ്റു. കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ, പ്രതിപക്ഷനേതാവ്, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് (2014-2019) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മൻമോഹൻ സിങ് നയിച്ച യു.പി.എ സർക്കാറിൽ തൊഴിൽ, റെയിൽവേ, സാമൂഹികനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ എസ്. നിജലിങ്കപ്പക്കുശേഷം കോൺഗ്രസ് അധ്യക്ഷനാകുന്ന രണ്ടാമത്തെ കർണാടകക്കാരനാകും ഖാർഗെ. ജഗ്ജീവൻ റാമിനു ശേഷം എ.ഐ.സി.സി പ്രസിഡന്റ് ആകുന്ന രണ്ടാമത്തെ ദലിത് നേതാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

