Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖാർഗെയുമായി ബന്ധപ്പെട്ട വിവാദം; ബിജെപി-ആർഎസ്എസ് ആശയങ്ങളുടെ അടിത്തറ ദലിത് വിരോധമെന്ന് ജയറാം രമേശ്

text_fields
bookmark_border
ഖാർഗെയുമായി ബന്ധപ്പെട്ട വിവാദം; ബിജെപി-ആർഎസ്എസ് ആശയങ്ങളുടെ അടിത്തറ ദലിത് വിരോധമെന്ന് ജയറാം രമേശ്
cancel

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉത്തരാഖണ്ഡ് സന്ദർശിച്ചതിന് പിന്നാലെ അദ്ദേഹം സന്ദർശിച്ച സ്ഥലത്ത് ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിയെന്ന ആരോപണത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി ജയറാം രമേശ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദലിത് വിഭാഗത്തെ ലക്ഷ്യമിട്ടുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന് ഉന്നത നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.

ഖാർഗെയുടെ സന്ദർശനത്തിന് പിന്നാലെ അദ്ദേഹം സന്ദർശിച്ച സ്ഥലത്ത് ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

ഖാർഗെയോട് അനാദരവ് കാണിച്ചവരെ ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ ആദരിക്കുകയോ പാരിതോഷികം നൽകുകയോ ചെയ്താലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതതല പിന്തുണയില്ലാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും ബി.ജെ.പി-ആർ.എസ്.എസ് ആശയങ്ങളുടെ അടിത്തറ ദലിത് വിരോധമാണെന്നും അദ്ദേഹം ആരോപിച്ചു.

ദലിത് സമൂഹത്തിന് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും അന്തസ്സും അംഗീകരിക്കാൻ ഭരണഘടനാവിരുദ്ധ മനോഭാവമുള്ളവർക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ മുതിർന്ന ദലിത് നേതാവായ ഖാർഗെയുടെ അന്തസ്സിനെതിരായ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് പ്രതികരണം പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, സംഭവത്തിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. ‘ശുദ്ധീകരണ’ ചടങ്ങ് നടത്തുന്നത് എസ്.സി./എസ്.ടി നിയമത്തിന്റെ ലംഘനവും കുറ്റകൃത്യവുമാണെന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എല്ലാ ജാതികളുടെയും പ്രതിനിധിയാണെന്ന് അവകാശപ്പെടുമ്പോഴും ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം ‘ശുദ്ധീകരണ’ ചടങ്ങിനെ ന്യായീകരിച്ചെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ എസ്.സി./എസ്.ടി നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പ്രധാനമന്ത്രി അടിയന്തരമായി നിർദേശം നൽകണമെന്നും ഖാർഗെക്ക് നീതി ഉറപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ പുതിയ സംഘടനാ സംവിധാനത്തെക്കുറിച്ചുള്ള ചോദ്യത്തിനും രാഹുൽ ഗാന്ധി പ്രതികരിച്ചു. പാർട്ടിയുടെ പുതിയതോ പഴയതോ ആയ സംഘടനാ ഘടനയിൽ തനിക്ക് താൽപര്യമില്ലെന്നും അതിലെ മാറ്റങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പോരാട്ടം ബി.ജെ.പിയുടെ സംഘടനാ മാറ്റങ്ങൾക്കെതിരെയല്ലെന്നും ആശയപരമായ പോരാട്ടമാണ് നടത്തുന്നതെന്നും ഭരണഘടന സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kharge Controversy Sparks Dalit Row
Next Story