Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുണ്ടുടുത്ത് ഖാർഗെയും...

മുണ്ടുടുത്ത് ഖാർഗെയും ബ്രിട്ടാസും അടക്കമുള്ള ദക്ഷി​ണേന്ത്യൻ എം.പിമാർ; 'ലുങ്കിവാല' അധിക്ഷേപത്തിന് വേറിട്ട മറുപടി -VIDEO

text_fields
bookmark_border
മുണ്ടുടുത്ത് ഖാർഗെയും ബ്രിട്ടാസും അടക്കമുള്ള ദക്ഷി​ണേന്ത്യൻ എം.പിമാർ; ലുങ്കിവാല അധിക്ഷേപത്തിന്  വേറിട്ട മറുപടി -VIDEO
cancel

ന്യൂഡൽഹി: ബി.ജെ.പി നേതാവിന്റെ 'ലുങ്കിവാല' അധിക്ഷേപ പരാമർശത്തിനെതിരെ വേറിട്ട മറുപടിയുമായി ദക്ഷി​​ണേന്ത്യൻ എം.പിമാർ. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ, സ്ഥിരം ശൈലിയിൽ നിന്ന് മാറി കേരളീയ ശൈലിയിൽ മുണ്ടുടുത്ത് സഭയിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതിന്റെ വിഡിയോ സി.പി.എം എം.പി ​ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ പങ്കു​വെച്ചു.

‘ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്‌കാരമാണ്... ഞങ്ങളുടെ അഭിമാനമാണ്... സ്ഥിരം ശൈലിയിൽ നിന്ന് മാറി കേരളീയ ശൈലിയിൽ മുണ്ടുടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഭയിലെത്തിയ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയ്ക്കും കേരളത്തിലെയും തമിഴ്‌നാട്ടിലെയും സഹപ്രവർത്തകരായ എംപിമാർക്കുമൊപ്പം പാർലമെന്റിൽ’ -ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

മല്ലികാർജ്ജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം,പി. സന്തോഷ് കുമാർ, വി. ശിവദാസ്, ഹാരിസ് ബീരാൻ, ക്രിസ്റ്റഫർ തിലക് എന്നിവർ മുണ്ടുടുത്തും ജെബി മേത്തർ കേരളീയ ശൈലിയിൽ സാരിയുടുത്തുമാണ് സഭയിലെത്തിയത്.

ബി.ജെ.പി നേതാവ് സുഷ്മിത ദേവാണ് 'ലുങ്കിവാല' പരാമർശം നടത്തിയത്. ഇത് സഭയുടെ അന്തസ്സിനും ദക്ഷിണേന്ത്യൻ ജനതയുടെ ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന് ജോൺ ബ്രിട്ടാസ് നോട്ടീസ് നൽകിയിരുന്നു. വസ്ത്രധാരണത്തിന്റെയും പ്രാദേശികതയുടെയും പേരിൽ ജനപ്രതിനിധികളെയും ജനവിഭാഗങ്ങളെയും അധിക്ഷേപിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വാർത്ത പങ്കുവെച്ചുകൊണ്ട് സുഷ്മിത ദേവിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടി.എം.സി) രാജ്യസഭാംഗവും മുതിർന്ന മാധ്യമപ്രവർത്തകയുമായ സാഗരിക ഘോഷ് 'എക്സി'ലൂടെ രംഗത്തെത്തിയത്. ദക്ഷിണേന്ത്യൻ ജനതയോടും അവരുടെ സംസ്കാരത്തോടും ബി.ജെ.പിക്കുള്ള വിവേചനപരമായ മനോഭാവമാണ് ഇത്തരം പരാമർശങ്ങളിലൂടെ നിരന്തരം പുറത്തുവരുന്നതെന്ന് സാഗരിക ഘോഷ് ആരോപിച്ചു. 'ലുങ്കിവാല' എന്ന വിളി തികച്ചും ഞെട്ടിക്കുന്നതും ഒട്ടും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് അവർ വ്യക്തമാക്കി. പാർലമെന്റിലും പൊതുവേദികളിലും ഉയരുന്ന ഇത്തരം പരാമർശങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെയും അവരുടെ വസ്ത്രധാരണരീതിയെയും നിസ്സാരവൽക്കരിക്കാനുള്ള ശ്രമമാണെന്നും അവർ കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യൻ ജനവിഭാഗങ്ങൾക്കെതിരെയുള്ള വംശീയവും പ്രാദേശികവുമായ അധിക്ഷേപങ്ങൾ വർധിച്ചുവരുന്നതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രാദേശിക വൈവിധ്യങ്ങളെയും സാംസ്കാരിക അടയാളങ്ങളെയും അധിക്ഷേപിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallikarjun KhargeJohn BrittasSouth indiaBJP
News Summary - Kharge and Brittas wear mundu to reply to 'lungiwala' insult by bjp MP
Next Story