ഖാണ്ട്വ വർഗീയ സംഘർഷം: 28 പേർക്ക് ജാമ്യം
text_fieldsഇന്ദോർ: മധ്യപ്രദേശ് ഖാണ്ട്വ ജില്ലയിലെ ഇംലിപുരയിൽ ഒമ്പത് വർഷം മുമ്പുണ്ടായ വർഗീയ സംഘർഷത്തിൽ ജയിലിലായ 28 പേർക്ക് മധ്യപ്രദേശ് ഹൈകോടതി ജാമ്യം അനുവദിച്ചു.
‘അസോസിയേഷൻ ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്’ (എ.പി.സി.ആർ) നേതൃത്വത്തിലുള്ള ഇടപെടലാണ് ജാമ്യത്തിന് വഴിയൊരുക്കിയത്. 2014 ജൂലൈ 30നായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് സംഘത്തിനു നേർക്ക് കല്ലേറുണ്ടായതിനെ തുടർന്ന് വധശ്രമമടക്കം കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 40 പേർ കുറ്റക്കാരാണെന്ന് സെഷൻസ് കോടതി കണ്ടെത്തി ഏഴ് വർഷം കഠിനതടവും 6,500 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. കേസിലുൾപ്പെട്ട പലരും സംഭവം നടന്ന സമയത്ത് പ്രായപൂർത്തിയാകാത്തവരായിരുന്നു.
പൊലീസ് കുറ്റം ചുമത്തിയവരിൽ പലരും നിരപരാധികളായിരുന്നെന്ന് ഇവരുടെ കുടുംബങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവദിവസം വെള്ളിയാഴ്ച ആയതിനാൽ, കുറ്റാരോപിതർ പള്ളിയിൽ പ്രാർഥനയിലായിരുന്നു. ഏതാനും പേർ കല്ലെറിഞ്ഞിട്ടുണ്ടെങ്കിലും അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുകയുണ്ടായി. ഇതോടെ എ.പി.സി.ആർ ഇവർക്ക് നിയമസഹായവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

