ഖാംനഈ വധത്തെ അപലപിക്കുന്നില്ല; മോദിക്കെതിരെ പ്രതിപക്ഷം
text_fieldsപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ഖാംനഈയുടെ വധത്തിൽ അനുശോചന സന്ദേശം പോലുമിറക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പുറമെ കൂടുതൽ പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നു.
ഇറാനുമായി ചർച്ച നടന്നുകൊണ്ടിരിക്കേ അന്തർദേശീയ നിയമങ്ങൾ ലംഘിച്ച് അവരുടെ പരമോന്നത നേതാവിനെ വധിച്ച ശേഷവും യു.എസിന്റെയും ഇസ്രായേലിന്റെയും പേര് പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമില്ലെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. ഇസ്രായേലിന്റെയും യു.എ.ഇയുടെയും ഭരണാധികാരികളോട് സംസാരിച്ച മോദി ഇറാന്റെ പ്രതിനിധികളോട് സംസാരിക്കുന്നില്ലെന്നും ഒരു അനുശോചന സന്ദേശം പോലും നൽകുന്നില്ലെന്നും ആപ് നേതാവ് സഞ്ജയ് സിങ് കുറ്റപ്പെടുത്തി.
ഇസ്രായേൽ ഒഴികെ ലോകമൊന്നടങ്കം ഇറാന്റെ പരമോന്നത നേതാവെന്ന നിലയിൽ കാണുന്ന, ഇന്ത്യയുടെ മിത്രമായിരുന്ന ആയത്തുല്ല ഖാംനഈയുടെ വധത്തെ ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപലപിക്കേണ്ടതായിരുന്നുവെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. അനുശോചനം രേഖപ്പെടുത്തുന്നതിൽ ഭയപ്പെടുന്നതെന്തിനാണെന്ന് റാവത്തും മോദിയോട് ചോദിച്ചു.
റമദാനിൽ മനുഷ്യത്വം മാനിക്കാത്ത ഇത്തരമൊരു വധം നെതന്യാഹു കരുതിക്കൂട്ടി ചെയ്തതാണെന്നും അതിനെ സർക്കാർ അപലപിക്കണമെന്നും അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. അയൽ രാഷ്ട്രത്തലവന്റെ മരണത്തിൽ അനുശോചിച്ച് രണ്ടുവാക്ക് പോലും പറയാൻ കഴിയാത്ത തരത്തിൽ എന്ത് ഭയമാണ് മോദിക്കുള്ളതെന്ന് കോൺഗ്രസ് നേതാവും ലോക്സഭ എം.പിയുമായ ഇംറാൻ മസൂദ് ചോദിച്ചു.
‘ഒരു രാഷ്ട്രത്തലവനെ വധിച്ചതിനെ മോദി പിന്തുണക്കുമോ?’
ന്യൂഡൽഹി: ഒരു രാഷ്ട്രത്തലവനെ വധിച്ച നടപടിയെ പിന്തുണക്കുമോയെന്ന്, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ വധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും ഇറാന്റെ മേൽ ഏകപക്ഷീയമായി നടത്തിയ ആക്രമണത്തെയും ഇറാൻ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടത്തുന്ന ആക്രമണങ്ങളെയും ഒരുപോലെ അപലപിക്കണമെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്നതാണ് ഈ മൗനമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. പരമാധികാരത്തെ അതിലംഘിച്ചുള്ള ആക്രമണങ്ങൾ പ്രതിസന്ധികൾ രൂക്ഷമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ധാർമികത പ്രകടമാക്കണം. അന്താരാഷ്ട്ര നിയമങ്ങളുടെ പേരിലും മനുഷ്യ ജീവനുവേണ്ടിയും തുറന്നുസംസാരിക്കാനുള്ള ധീരത കാട്ടണം. പരമാധികാരത്തെ അംഗീകരിക്കുന്നതും തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണുന്നതിലുമാണ് നമ്മുടെ വിദേശ നയത്തിന്റെ കാതൽ. അതിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടത്. അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലള്ള സംഘർഷം ദുർബലമായ മേഖലയെ കൂടുതൽ സംഘട്ടനങ്ങളിലേക്ക് തള്ളിവിടുകയാണ്. സംഭാഷണവും സംയമനവും മാത്രമാണ് സമാധാനത്തിലേക്കുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു.
ഒമാൻ, കുവൈത്ത്, ഖത്തർ ഭരണാധികാരികളെ വിളിച്ച് മോദി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഒമാൻ, കുവൈത്ത്, ഖത്തർ ഭരണാധികാരികളുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹ് എന്നിവരെയാണ് മോദി വിളിച്ചത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരുമായി മോദി കഴിഞ്ഞ ദിവസം ടെലിഫോണിൽ സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

