Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right'യസാ, താഹാ, മർയം......

'യസാ, താഹാ, മർയം... ഉപ്പ നിങ്ങളെ എന്നുമോർക്കുന്നുണ്ട്​, ഒരുപാടിഷ്​ടം...'

text_fields
bookmark_border
Khalid Saifi
cancel
camera_alt

ഖാലിദ് സൈഫി വീൽ ചെയറിൽ കോടതിയിൽ ഹാജരാകാനെത്തുന്നു

'യുനൈറ്റഡ്​ എഗൻസ്​റ്റ്​​ ഹേറ്റ്'​ എന്ന വെറുപ്പ്​ വിരുദ്ധ കൂട്ടായ്മയുടെ സ്​ഥാപകരിലൊരാളായ സാമൂഹികപ്രവർത്തകൻ ഖാലിദ്​ സൈഫിയെ 2020 ഫെബ്രുവരിയിലാണ് ഡൽഹി പൊലീസ്​ തടവിലാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കവെ സമുദായങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കാനും ഡൽഹി വംശീയാതിക്രമവേളയിൽ ഇരകൾക്ക്​ വൈദ്യസഹായമെത്തിക്കാനും സജീവമായി പ്രവർത്തിച്ച സൈഫിക്കെതിരെ കലാപക്കുറ്റമാണ്​ ചുമത്തിയിരിക്കുന്നത്​. കസ്​റ്റഡിയിൽ വെച്ച്​ കൊടുംപീഡനത്തിനിരയായ അദ്ദേഹം ബാൻഡേജുകളുമായി വീൽചെയറിൽ നീങ്ങുന്ന ചിത്രവും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ട്​ കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ നിയമപ്രകാരം ബന്ധനത്തിൽ തുടരുന്ന​ ഖാലിദ്​ സൈഫി തടവറയിൽ നിന്നെഴുതിയ കത്താണിത്​:

സ്​നേഹം നിറഞ്ഞ നർഗീസിനും മക്കൾക്കും പ്രിയ സുഹൃത്തുക്കൾക്കും സലാം,

കഴിഞ്ഞ വർഷം ഒക്​ടോബർ ഒന്നിന്​ ഉച്ചക്ക്​ രണ്ട്​ മണിക്കാണ്​ നാലാം നമ്പർ വാർഡിലേക്ക്​എന്നെ അയച്ചത്​. മധ്യാഹ്​ന, സായാഹ്​ന, പ്രദോഷ നമസ്​കാരങ്ങൾ അവിടുത്തെ പള്ളിയിലാണ്​ നിർവഹിച്ചിരുന്നത്. അവിടെ എല്ലാവരും എന്നോട്​ നമസ്​കാരത്തിന്​ നേതൃത്വം നൽകാൻ പറഞ്ഞു. നമസ്​കാരത്തിന്​ നേതൃത്വം നൽകിയിരുന്ന അന്തേവാസി ജാമ്യം ലഭിച്ച്​ പുറത്തിറങ്ങിയതിനാൽ ഞാനാണ്​ ആ ഒഴിവ്​ നികത്തുന്നത്​.

ജയിലിലെ ചില ഉദ്യോഗസ്​ഥരും സുഹൃത്തുക്കളും ചേർന്ന്​ പള്ളിയുടെ ചാരത്ത്​ കുറച്ച്​ ചെടിക്കമ്പുകൾ കുത്തിയിരുന്നു. നമസ്​കാരത്തിന്​ നേതൃത്വം നൽകുന്ന ഇമാം നിൽക്കുന്നതിന്​ തൊട്ടടുത്തായി വെളുത്ത പനിനീർപൂക്കളുടെ ചെടികളാണുള്ളത്​. ഞാനിവിടെ വരു​േമ്പാൾ ഏതാനും ചില റോസാ മൊട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും പൂവിട്ടിരുന്നില്ല. ഇപ്പോൾ അവയെല്ലാം പുഷ്​പിച്ചിരിക്കുന്നു. വെള്ളപ്പൂക്കൾ കൊണ്ട്​ ആ ഭാഗമാകെ നിറഞ്ഞിരിക്കുന്നു.

കാലം മാറുന്നതിനൊപ്പം ഈ പൂക്കളുടെ നിറത്തിൽ മാറ്റം വരും. പൂമൊട്ടായിരുന്ന സമയത്ത്​ അതിന്​ കടുംപിങ്ക്​ നിറമായിരുന്നു. അൽപം വിടർന്ന ഘട്ടത്തിൽ ലോലസുന്ദരമായ പിങ്ക്​ നിറമായി. മുഴുവൻ വിരിഞ്ഞു കഴിഞ്ഞപ്പോൾ അത്​ കണ്ണഞ്ചിക്കുന്ന തൂവെള്ള നിറമായി. ചുരുങ്ങിയ നാളുകൾ കൊണ്ടാണ്​ ഏവരെയും ആകർഷിക്കും വിധം പൂക്കൾ നിറഞ്ഞത്​. ഇടക്കൊക്കെ നമസ്​കാരശേഷം പടച്ച തമ്പുരാ​​െൻറ ഈ കൗതുകസൃഷ്​ടിയിൽ നോക്കി ഞാനിരിക്കും. ഓരോ തവണ അതിലേക്ക്​ കണ്ണുപായിക്കു​േമ്പാഴും ഓർമകൾ അതിലേറിയെത്തും. ഒരു പൂവ്​ ഉമ്മയെക്കുറിച്ചുള്ള ഓർമകളാണ്​കൊണ്ടുത്തരികയെങ്കിൽ മറ്റൊന്ന്​ ഭാര്യയേയും കുഞ്ഞുങ്ങളേയും ഓർമയിലെത്തിക്കും. ഒരു കൊമ്പിൽ നാല്​ പൂക്കളെ ഒരുമിച്ച്​ കണ്ടപ്പോൾ പ്രിയതമ നർഗീസിനെയും പൊന്നുമക്കൾ യാസ, താഹ, മർയം എന്നിവരെയും കാണുന്നതു പോലെ തോന്നി.

ആ പൂക്കൾ മൂന്ന്​ നാല്​ ദിവസം വിടർന്ന്​ വിലസി നിൽക്കും. പിന്നെ ക്രമേണ വാടിക്കരിഞ്ഞ്​ ഇതളറ്റു വീഴും. പൂക്കൾ അറ്റുവീഴുന്നത്​ കാണു​േമ്പാഴുള്ള സങ്കടം പറഞ്ഞറിയിക്കാനാവില്ല. ഞാൻ നേരത്തേ പറഞ്ഞ ആ നാല്​ പൂക്കൾ വാടിവീണ ദിവസം എ​െൻറ കണ്ണുകൾ നിറഞ്ഞുപോയിരുന്നു. എ​​െൻറ ജീവിതകഥക്ക്​ അവ സാക്ഷ്യം വഹിക്കുന്നതുപോലെ തോന്നി. മുമ്പ്​​ നമ്മളൊന്നിച്ച്​ ഒരു കുടുംബമായി എത്ര സന്തോഷത്തിലും ഉല്ലാസത്തിലുമാണ്​ കഴിഞ്ഞുപോന്നത്. പൊടുന്നനെയാണ്​ സങ്കടം നമ്മെ പിടികൂടുന്നതും എല്ലാം തരിശായി മാറുന്നതും. സന്തോഷവും കളിചിരികളും മുറ്റിനിന്ന എ​െൻറ ജീവിതം എങ്ങനെ ഇതുപോലെയായി മാറി എന്ന്​ ഒരുപാട്​ നേരം ഇരുന്നാലോചിച്ചു.

പിറ്റേ ദിവസം നമസ്​കാരത്തിൽ സുജൂദ്​ (സാഷ്​ടാംഗം) നിർവഹിക്കെ അതുല്യമായ ഒരു സൗരഭ്യം എന്നിലേക്ക്​ ഒഴുകിയെത്തി. എഴുന്ന്​ നിൽക്കവേ അടർന്നു വീണ റോസാ ദളങ്ങൾ ഒരു വെളുത്ത വിരിപ്പ്​ പോലെ എ​​െൻറ കാലടിയിൽ നിറഞ്ഞു. സുഗന്ധം എ​​െൻറ ഉള്ളിലാകെ പടർന്നു. അതു​ കണ്ടതും ഞാൻ പുഞ്ചിരിച്ചുപോയി. പടച്ച തമ്പുരാ​െൻറ കലാവൈഭവം എത്ര വിസ്​മയാവഹമാണെന്ന്​ വാനലോകത്തേക്ക്​ നോക്കിപ്പറഞ്ഞു. മുള്ളുകൾക്കിടയിൽ നിൽക്കു​േമ്പാഴും സ്​നേഹത്തി​െൻറയും സന്തോഷത്തി​െൻറയും സന്ദേശമായി മനോഹരപുഷ്​പത്തെ സംവിധാനിച്ചത്​ ത​ന്നെ അതിനു തെളിവല്ലേ? സുഗന്ധവും സന്തോഷവും പരത്തി നിലനിന്ന ശേഷം ഇല്ലാതാകു​േമ്പാഴും അവ ചുറ്റുമുള്ളവരിൽ സന്തോഷവും സൗന്ദര്യവും നിറക്കുന്നത്​ നോക്കൂ.

ഞാൻ എന്നോട്​ തന്നെ പറഞ്ഞു: ''ഖാലിദ്​, ജീവിതം ഇതുപോലെ, ഈ പൂക്കളെപ്പോലെയാവണം. ഏതു പരീക്ഷണങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിലാണെങ്കിലും ഒരാൾക്ക്​ സത്യസന്ധതയും ആർജവവും നിലനിർത്താൻ കഴിയണം, പുഞ്ചിരിയോടെ മറ്റുള്ളവർക്ക്​ സാന്ത്വനം പകരാനുമാവണം. ദുഃഖത്തി​െൻറയും പ്രയാസങ്ങളുടെയും ഉള്ളിൽ കിടന്നു പിടയു​േമ്പാഴും നിങ്ങൾ ഒറ്റക്കല്ലായെന്നും ഒരുപാടു പേർ പ്രാർഥനകളും കരുതലുകളുമായി ഒപ്പമുണ്ടെന്നും ഓർക്കണം. ജീവിതം അവസാനിക്കുന്ന ഘട്ടത്തിലും അതു മാത്രമാണ്​ ആലോചിക്കേണ്ടത്​- നിങ്ങൾ വേർപെട്ടുപോകു​േമ്പാഴും മറ്റുള്ളവർക്ക്​ ഉപകാരവും സന്തോഷവും ചൊരിഞ്ഞു കൊണ്ടായിരിക്കണം എന്ന്​.

രണ്ടു മൂന്ന്​ ദിവസത്തേക്ക്​ നിരാശയിൽ നിന്ന് പ്രത്യാശയിലേക്ക്​ കൊണ്ടുപോകുന്ന ഇത്തരം ചിന്തകളായിരുന്നു മനസ്സു മുഴുക്കെ. അധിക ദിവസം പിന്നിട്ടില്ല, ആ കുറ്റിച്ചെടിക്കൂട്ടത്തിൽ പുതിയ പൂമൊട്ടുകൾ പ്രത്യക്ഷപ്പെട്ടു. അതെന്നിൽ എത്രമാത്രം സന്തോഷം നിറച്ചെന്ന്​ പറയേണ്ടതില്ല​േല്ലാ. പെ​ട്ടെന്ന്​ ഖുർആനിലെ ഒരു വാക്യം മനസ്സിലെത്തി: 94ാം അധ്യായത്തിലെ 'ഞെരുക്കത്തിനൊപ്പം എളുപ്പമുണ്ട്​' എന്ന സന്ദേശം. തീർച്ചയായും എന്തൊക്കെ അസൗകര്യങ്ങൾക്കിടയിലും ആശ്വാസവും സൗഖ്യവുമുണ്ട്​.
ജീവിതത്തി​െൻറ സുപ്രധാനമായ തത്വശാസ്​ത്രം മനസ്സിലാക്കാൻ ഈ 12 മാസക്കാലം എനിക്ക്​ സഹായകമായി. മനസ്സ്​ സങ്കടത്തിലേക്കും നിരാശയിലേക്കും വീഴാൻ തുടങ്ങു​േമ്പാഴൊക്കെ ഞാൻ ആ പനിനീർച്ചെടികളിലേക്ക്​ നോക്കും. അതിനരികിലാണ്​ ഇപ്പോഴെ​െൻറ ഇരിപ്പ്​. എ​െൻറ സുഹൃത്തും ഗുരുവുമാണ്​ ഇപ്പോൾ ആ പൂച്ചെടി.

ഒരുപാടു​ നീണ്ട കത്തെഴുതാൻ എനിക്കിവിടെ അനുമതിയില്ല. പക്ഷേ, ഒരുപാടു​ കാര്യങ്ങൾ എഴുതാനുണ്ടുതാനും. ദൈവം വേണ്ടുക തന്നാൽ പിന്നെയൊരിക്കൽ എഴുതാം. എല്ലാവർക്കും എ​െൻറ സലാമും അന്വേഷണങ്ങളും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെക്കൂടി ഉൾപ്പെടുത്താൻ മറക്കരുത്​.

യസാ, താഹാ, മർയം... ഉപ്പ നിങ്ങളെ എന്നുമോർക്കുന്നുണ്ട്​, ഒരുപാടിഷ്​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#delhi police#khalid saifi#united against hate
News Summary - khalid saifi's letter from prison
Next Story