Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരോഗിയായ മാതാവിനെ കാണാൻ...

രോഗിയായ മാതാവിനെ കാണാൻ ഖാലിദ് സൈഫിക്ക് പത്തു ദിവസത്തെ ജാമ്യം; ചെയ്യാത്ത കുറ്റത്തിനുളള തടവുജീവിതത്തിന് അഞ്ചാണ്ട്; അനന്തമായ കാത്തിരിപ്പുമായി കുടുംബം

text_fields
bookmark_border
രോഗിയായ മാതാവിനെ കാണാൻ ഖാലിദ് സൈഫിക്ക് പത്തു ദിവസത്തെ ജാമ്യം; ചെയ്യാത്ത കുറ്റത്തിനുളള തടവുജീവിതത്തിന് അഞ്ചാണ്ട്; അനന്തമായ കാത്തിരിപ്പുമായി കുടുംബം
cancel
camera_alt

ജാമ്യം കഴിഞ്ഞ് ജയിലിലേക്ക് മടങ്ങും മുമ്പ് ഖാലിദ് സൈഫി മകളെ ആശ്ലേഷിക്കുന്നു (ഫയൽ ചിത്രം)



ന്യൂഡൽഹി: മാനുഷിക പരിഗണന ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റും ഡൽഹി കലാപ കേസിലെ ആരോപിതനുമായ ഖാലിദ് സൈഫിക്ക് പത്ത് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ് ഡൽഹിയിലെ കർക്കാർദൂമ കോടതി. അഡീഷനൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയാണ് 85 വയസ്സുള്ള രോഗിയായ മാതാവിനെ പരിചരിക്കുന്നതിന് ഒക്ടോബർ 14 മുതൽ 23 വരെ താൽക്കാലികമായി വിട്ടയക്കാൻ ഉത്തരവിട്ടത്.

ഡൽഹി കലാപ ഗൂഢാലോചന കേസിലെ ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ സെപ്റ്റംബർ 2ന് ഡൽഹി ഹൈകോടതി നിരസിച്ച് ആഴ്ചകൾക്കു ശേഷമാണ് ഇടക്കാലാശ്വാസം ലഭിക്കുന്നത്. ഉമർ ഖാലിദ്, ഷർജീൽ ഇമാം, അത്തർ ഖാൻ, മുഹമ്മദ് സലീം ഖാൻ, ഷിഫാ ഉർറഹ്മാൻ, മീരാൻ ഹൈദർ, ഗുൾഫിഷ ഫാത്തിമ, ഷദാബ് അഹമ്മദ് എന്നിവരുടെ അപ്പീലുകൾ ഖാലിദ് സൈഫിക്കൊപ്പം നിരസിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ്, ഗൾഫിഷ ഫാത്തിമ, ഷർജീൽ ഇമാം തുടങ്ങിയവരെ പോലെ ഖാലിദും 2020 ഫെബ്രുവരി മുതൽ തിഹാർ ജയിലിൽ കഴിയുകയാണ്. യു.എ.പി.എ പ്രകാരമാണ് ഇവരെല്ലാം കുറ്റാരോപിതരായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്‍ലിം പ്രവർത്തകർക്കിടയിൽ എതിർപ്പുകളെ നിശബ്ദമാക്കാൻ ഉപയോഗിച്ചതിന് മനുഷ്യാവകാശ സംഘടനകൾ വ്യാപകമായി വിമർശിച്ച നിയമമാണിത്. ഒന്നിലധികം ചീഫ് ജസ്റ്റിസുമാർ ഉണ്ടായിട്ടും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതിനാൽ, ഖാലിദും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും ഈ കാത്തിരിപ്പ് അനന്തമായി തുടരുകയാണ്.

അര പതിറ്റാണ്ടുകാലത്തെ ജയിൽവാസം ഖാലിദിനെ എന്താക്കിയെന്നും കുടുംബത്തിനുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചും അറിയാനായി ‘ദി ക്വിന്റ്’ വാർത്താ പോർട്ടൽ ഖാലിദിന്റെ ഭാര്യ നർഗീസിനെയും അവരുടെ കുട്ടികളെയും സമീപിച്ചു. ഖാലിദിനെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മക്കളായ യാസക്കും താഹക്കും 11ഉം 9ഉം വയസ്സായിരുന്നു. മകൾ മറിയത്തിന് 6 വയസ്സും. അവർ ഇപ്പോൾ വളർന്നു. പക്ഷേ അതു കാണാൻ ഖാലിദിന് കഴിഞ്ഞില്ല. അറസ്റ്റിനുശേഷം നിരവധി കസ്റ്റഡി മർദനങ്ങൾക്ക് അ​ദ്ദേഹം ഇരയായതായി നർഗീസ് പറയുന്നു. ശാരീരികവും മാനസികവുമായ മുറിവുകൾ അതിന്റെ ഭാഗമായി ഉണ്ടായി.

ഖാലിദിന്റെ നീണ്ട തടവിന്റെ ആഘാതം നർഗീസ് സൈഫിയുടെയും കുട്ടികളുടെയും വാക്കുകളിൽ ഉണ്ടായിരുന്നു. കുട്ടികൾക്കൊപ്പമുള്ള നഷ്ടപ്പെട്ട നിമിഷങ്ങൾ മുതൽ ഇടക്കാല ജാമ്യത്തിനിടയിലെ വൈകാരിക പുനഃസമാഗമങ്ങൾ വരെ അവർ പങ്കുവെച്ചു. മുമ്പൊരിക്കൽ ഇതുപോലെ ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം, മകൻ താഹയെ കാണാൻ അദ്ദേഹം ജയിലിൽ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് പോയ അനുഭവവും നർഗീസ് ഓർത്തെടുത്തു. പിതാവിനെ മുന്നിൽ കണ്ടത് അവന് പാതി രോഗ ശമനം നൽകി. അന്നത്തെ പിതാവിന്റെ സന്ദർശനം ഓർത്ത് താഹ വികാരാധീനയായി.

‘അവന് ആ സമയത്ത് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയുമായിരുന്നില്ല. എങ്ങനെയാണ് അവൻ പിതാവിനെ കെട്ടിപ്പിടിക്കാൻ കിടക്കയിൽ നിന്ന് ചാടിയതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് താഹയെ നിയന്ത്രിക്കാനോ താഹക്ക് സ്വയം നിയന്ത്രിക്കാനോ കഴിഞ്ഞില്ല. പിതാവും മകനും പരസ്പരം കെട്ടിപ്പിടിച്ച് കുറേനേരം കരഞ്ഞു’വെന്ന് നർഗീസ് പറയുന്നു.

ഖാലിദിന്റെ കൺമണിയാണ് ഇളയ കുഞ്ഞായ മറിയം. ജയിലിലേക്ക് അയക്കാൻ നിരവധി കാർഡുകളും ഡ്രോയിംഗുകളും അവൾ ഉണ്ടാക്കും. വീട്ടിൽ വന്നപ്പോൾ സ്കൂൾ റിപ്പോർട്ടുകൾക്കും അസൈൻമെന്റുകൾക്കുമായി മറിയം ആവേശത്തോടെ ഖാലിദിൽ നിന്ന് ഒപ്പുകൾ വാങ്ങിച്ചു. ഖാലിദ് അവളെ ആദ്യമായി സ്കൂളിൽ കൊണ്ടുപോയപ്പോൾ അതിരറ്റ് സന്തോഷിച്ചു അവൾ. എന്നാൽ, ഖാലിദ് തിരിച്ചു പോയപ്പോൾ മറിയത്തിന്റെ കുഞ്ഞു മനസ്സും വേദനിച്ചു. പിതാവിനെ ജയിലിന്റെ കവാടംവരെ പോയി അവൾ യാത്രയാക്കി. അവൾക്ക് എത്രത്തോളം സഹിക്കാൻ കഴിയും? അടുത്ത ദിവസം പനി വന്നു. പിന്നെ ഒന്നും പറഞ്ഞില്ല. കരഞ്ഞില്ല. കണ്ണുകളിൽ നിന്ന് ഒരു കണ്ണുനീർ പോലും വന്നില്ല -നർഗീസ് ആ ഓർമകൾ പങ്കുവെച്ചു.

പ്രാർഥനയും വായനയുമൊക്കെയായിട്ടാണ് ജയിലിലെ ഖാലിദിന്റെ ജീവിതം. കുടുംബത്തിന്റെ ഓർമകളും വേർപിരിയലിന്റെ വേദനയും സ്വപ്നങ്ങളും എല്ലാമായി ഈ അഴികൾക്കുള്ളിൽ ഉറങ്ങിയുണരുന്നു. ഗൂഢാലോചന കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതിനാലും ആവർത്തിച്ചുള്ള ജാമ്യം നിരസിക്കലുകളും മൂലം അദ്ദേഹത്തിന്റെ നിയമ സംഘം കേസിൽ മറ്റു വഴികൾ അന്വേഷിക്കുകയാണ്.

സൈഫിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അവരുടെ കുടുംബങ്ങളും അഭിഭാഷകരും വാദിക്കുന്നു. ഖാലിദ് എപ്പോഴും സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊണ്ടിരുന്നയാളാണെന്നും അനീതിക്കെതിരെ ശബ്ദമുയർത്തിയതിനാലാണ് ലക്ഷ്യംവെച്ചതെന്നും അദ്ദേഹത്തിന്റെ താൽക്കാലിക മോചനം കുടുംബത്തിന് ഒരു ചെറിയ ആശ്വാസമാണെന്നും അവർ പറഞ്ഞു.

ഇടക്കാല ജാമ്യം നൽകാനുള്ള തീരുമാനത്തെ മനുഷ്യാവകാശ സംരക്ഷകർ സ്വാഗതം ചെയ്തു. യു.എ.പി.എ പ്രകാരം മുസ്‍ലിം ആക്ടിവിസ്റ്റുകളെ വിചാരണക്ക് മുമ്പുള്ള ദീർഘകാല തടങ്കലിൽ വെക്കുന്ന ഒരു രീതിയാണ് ഖാലിദ് സൈഫിയുടെ കേസ് പ്രതിഫലിപ്പിക്കുന്നതെന്നും എന്നാൽ, കോടതികൾ ഇപ്പോഴും അടിസ്ഥാന മനുഷ്യത്വത്തെ അംഗീകരിക്കുന്നുവെന്ന് ഈ ഇടക്കാല ജാമ്യം കാണിക്കുന്നുവെന്നും ഡൽഹി ആസ്ഥാനമായുള്ള നിയമ പ്രവർത്തകനായ അഭിഭാഷകൻ ഫിർദൗസ് അഹമ്മദ് അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമ ഉപയോക്താക്കളും പൗരാവകാശ ഗ്രൂപ്പുകളും ഖാലിദ് ശെസഫിക്ക് പിന്തുണ അറിയിച്ചു. സമാധാനപരമായി പ്രതിഷേധിച്ച മുസ്‍ലിം ആക്ടിവിസ്റ്റുകളെ അന്യായമായി ലക്ഷ്യം വെച്ചതായി പലരും വാദിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jail lifeinterim bailSharjeel ImamDelhi Riots Casebail deniedGulfisha Fatimakhalid saifi
News Summary - Khalid Saifi granted ten-day bail to visit sick mother; sentenced to five years in prison for a crime he did not commit
Next Story