കൃത്യമായ വിമാന സർവീസുകളില്ല... പക്ഷേ, ഇന്ത്യയിൽ ഒന്നാം നമ്പർ! വിചിത്ര നേട്ടവുമായി ഖജുരാഹോ വിമാനത്താവളം
text_fieldsഖജുരാഹോ വിമാനത്താവളം
ന്യൂഡൽഹി: ഒരൊറ്റ വാണിജ്യ വിമാന സർവീസ് പോലും നടത്താതെ ഇന്ത്യയിലെ ഏറ്റവും മികച്ച റേറ്റിങ് ഉള്ള വിമാനത്താവളമായി മധ്യപ്രദേശിലെ ഖജുരാഹോ വിമാനത്താവളം (Khajuraho Airport) തിരഞ്ഞെടുക്കപ്പെട്ടു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡക്സിലാണ് (Customer Satisfaction Index) ഈ ചരിത്രനേട്ടം വിമാനത്താവളം സ്വന്തമാക്കിയത്. ജൂലൈ മാസം മുതൽ വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചിരിക്കുന്ന സമയത്താണ് അവിശ്വസനീയമായ നേട്ടം കൈവന്നിരിക്കുന്നത് എന്നത് കൗതുകകരമാവുന്നുണ്ട്.
സർവീസുകൾ നിലച്ചിട്ട് മാസങ്ങൾ
ചരിത്രപ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രനഗരത്തിലേക്ക് ഭക്തന്മാർക്ക് വേഗത്തിൽ എത്താനുള്ള വിമാനത്താവളമാണിത്. എന്നാൽ, വിമാനത്താവളത്തിന്റെ റൺവേ കഴിഞ്ഞ ജൂലൈ ആദ്യം മുതൽ വിജനമാണ്. ഡൽഹിയിലേക്കും വരാണസിയിലേക്കും മാത്രമുണ്ടായിരുന്ന രണ്ട് സർവീസുകളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ നിലവിൽ ഈ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇവിടെ നിന്നും പുറപ്പെടലുകളോ എത്തിച്ചേരലുകളോ ഒന്നും തന്നെ നടന്നിട്ടില്ല. ഒക്ടോബറോടെ സർവീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിലയിരുത്തിയത് എങ്ങനെ? റേറ്റിങ്ങിന്റെ മാനദണ്ഡങ്ങൾ
വിമാനങ്ങളുടെ സമയക്രമത്തെയോ യാത്രായാത്രികരുടെ എണ്ണത്തെയോ അടിസ്ഥാനമാക്കിയല്ല എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡക്സ് തയ്യാറാക്കുന്നത്. വിമാനത്താവളത്തിലെ പാർക്കിങ്, ഗ്രൗണ്ട് ട്രാൻസ്പോർട്ട്, വൈ-ഫൈ സൗകര്യം, ഫുഡ് കോർട്ടുകൾ, ടെർമിനലിലെ ശുചിത്വം, സുരക്ഷാ പരിശോധന, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങി 33 വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സ്വതന്ത്ര ഏജൻസികൾ വഴി യാത്രക്കാരിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുന്നത്.
അഞ്ചിൽ നിന്നും നൽകുന്ന ഈ റേറ്റിങ്ങിൽ മികച്ച സ്കോർ നേടിയാണ് ഖജുരാഹോ ഒന്നാം സ്ഥാനത്തെത്തിയത്. യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും, എത്തുന്ന ചെറിയൊരു വിഭാഗം ആളുകൾക്ക് നൽകുന്ന മികച്ച സേവനവും അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ നേട്ടത്തിന് കാരണം.
1960കളുടെ അവസാനത്തിൽ നിർമിച്ചതാണ് വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടം. 1978ഓടെയാണ് ആദ്യമായി ഒരു വിമാനം ഇവിടെ ലാൻഡ് ചെയ്തു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ ഖജുരാഹോ ക്ഷേത്രങ്ങളിലേക്ക് എത്തുന്ന ആഭ്യന്തര, വിദേശ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഇവിടുത്തെ സൗകര്യങ്ങൾ. റാങ്കിങ്ങിൽ മധ്യപ്രദേശിലെ മറ്റൊരു പ്രധാന വിമാനത്താവളമായ ഭോപാലിലെ രാജാ ഭോജ് വിമാനത്താവളം മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
ഒരൊറ്റ വിമാനം പോലും പറക്കാത്ത വിമാനത്താവളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയെന്ന വാർത്ത സമൂഹമാധ്യമങ്ങളിലും മറ്റും വലിയ രീതിയിലുള്ള കൗതുകത്തിനും തമാശകൾക്കും വഴിവെച്ചിട്ടുണ്ട്. 'വിമാനങ്ങളില്ലാത്ത ഫൈവ് സ്റ്റാർ എയർപോർട്ട്' എന്നാണ് പലരും റേറ്റിങിനെ വിശേഷിപ്പിക്കുന്നത്.
അതേസമയം, വിമാനത്താവള ജീവനക്കാരുടെ ആത്മാർത്ഥതക്കുള്ള അംഗീകാരമായി കണ്ട് അഭിമാനിക്കുന്നവരുമുണ്ട്. വൃത്തിയുള്ള ടെർമിനലും യാത്രക്കാരോട് ജീവനക്കാർ പുലർത്തുന്ന സ്നേഹവും മര്യാദയുമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. സർവീസുകൾ ഒക്ടോബറിൽ പുനരാരംഭിക്കുന്നതോടെ വിമാനത്താവളം വീണ്ടും പഴയ സജീവതയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

