ജയ്പുർ: തനിക്കെതിരെ ദേശീയ സുരക്ഷ നിയമം (എൻ.എസ്.എ) ചുമത്തിയത് നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈകോടതി വിധിച്ച സാഹചര്യത്തിൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് ഡോ. കഫീൽ ഖാൻ.
2017ൽ ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ മുഖം രക്ഷിക്കാനാണ് ശിശുരോഗ വിദഗ്ധനായിരുന്ന കഫീൽ ഖാനെ സസ്പെൻഡ് ചെയ്തത്.
എന്നാൽ, വകുപ്പുതല അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. പൗരത്വ ബില്ലിനെതിരെ അലീഗഢിൽ നടന്ന യോഗത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് കഫീൽ ഖാനെതിരെ യു.പി സർക്കാർ ദേശീയ സുരക്ഷ നിയമം ചുമത്തുകയായിരുന്നു. ഇത് നിയമവിരുദ്ധമാണെന്നാണ് കോടതി വിധിച്ചത്.
സർവിസിൽ തിരിച്ചെടുക്കാൻ യു.പി മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും ഇല്ലെങ്കിൽ അസമിലെ പ്രളയബാധിത സ്ഥലങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ച് സന്നദ്ധ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എ ചുമത്തി തന്നെ അറസ്റ്റ് ചെയ്ത യു.പി സ്പെഷൽ ടാസ്ക് ഫോഴ്സ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും രാജസ്ഥാൻ കോൺഗ്രസ് ഭരിക്കുന്നതിനാൽ ജയ്പുരിൽ കൂടുതൽ സുരക്ഷിതത്വം തോന്നുന്നുവെന്നും കഫീൽ ഖാൻ പറഞ്ഞു.