നവി മുംബൈയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ മലയാളി അറസ്റ്റിൽ
text_fieldsമുംബൈ: നവി മുംബൈയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മണി തോമസ് ആണ് അറസ്റ്റിലായത്. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. തന്റെ രണ്ടാം ഭാര്യക്ക് മക്കളില്ലാത്തതിനാലാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് പ്രതിയുടെ വിശദീകരണം.
നാൽപത് വർഷമായി നവി മുംബൈയിൽ താമസിച്ച് വരികയായിരുന്നു മണി തോമസ്. ഇയാളുടെ ആദ്യ ഭാര്യ മരണപ്പെട്ടതിന് പിന്നാലെ ഇദ്ദേഹം രണ്ടാമത് വിവാഹം ചെയ്തിരുന്നു. എന്നാൽ ഈ ബന്ധത്തിൽ ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതോടെ പ്രതി ഭക്ഷണം വാങ്ങി നൽകിയ ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ ശേഷം കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. 150ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ കണ്ടെത്താനായത്. പ്രതിയുടെ വീട്ടിലായിരുന്നു കുട്ടിയെ താമസിപ്പിച്ചിരുന്നത്.

