സി.പി.ഐ ദേശീയ കൗൺസിലിൽ കേരളത്തിന് പ്രാതിനിധ്യം കൂടും; കേന്ദ്ര നേതൃത്വത്തിന്റെ ക്വോട്ട കുറച്ചു
text_fieldsവിജയവാഡയിൽ സി.പി.ഐ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പാർട്ടി ഭരണഘടനയെയും നയപരിപാടികളെയുംകുറിച്ച് നടന്ന ചർച്ചയിൽ പല്ലവ് സെൻ ഗുപ്ത സംസാരിക്കുന്നു
വിജയവാഡ: സി.പി.ഐ ദേശീയ കൗൺസിലിൽ കേന്ദ്ര നേതൃത്വത്തിന്റെ ക്വോട്ട പാർട്ടി കോൺഗ്രസ് വെട്ടിക്കുറച്ചു. ആകെ കൗൺസിൽ അംഗങ്ങളുടെ 15 ശതമാനം മാത്രമാണ് ഇനി കേന്ദ്ര ക്വോട്ടയിൽ ഉണ്ടാവുക. ബാക്കി വരുന്ന സീറ്റുകൾ സംസ്ഥാനങ്ങൾക്ക് അംഗത്വ കണക്കിന് ആനുപാതികമായി വീതിച്ചുനൽകും. ഇതുവഴി കേരളത്തിൽനിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങളുടെ എണ്ണം 11ൽനിന്ന് 13 ആയേക്കും. കേന്ദ്ര ക്വോട്ടയിലെ അംഗങ്ങളുടെ എണ്ണം 25ൽനിന്ന് 22 ആയി കുറയും.
ആകെ ദേശീയ കൗൺസിൽ അംഗങ്ങളുടെ എണ്ണം 125 തന്നെയായി നിലനിർത്താനാണ് വിജയവാഡയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗം തീരുമാനിച്ചത്. പ്രായപരിധി നിശ്ചയിക്കാനുള്ള പാർട്ടി ഭരണഘടന കമീഷന്റെ യോഗം പൂർത്തിയായി.
പ്രായപരിധി ഏർപ്പെടുത്തുന്നതിനോട് വിയോജിച്ച് കേരളത്തിൽനിന്നടക്കം നിരവധി ഭേദഗതികൾ കമീഷനു മുമ്പാകെ എത്തിയിട്ടുണ്ട്.
ശതാബ്ദിയാഘോഷം നേരത്തെയാക്കും
വിജയവാഡ: 2025ൽ മാത്രം 100 വർഷം തികയുന്ന സി.പി.ഐ നൂറാം വാർഷികം മുൻകൂട്ടി ആഘോഷിക്കും. 1925 ഡിസംബർ 26ന് കാൺപുരിൽ രൂപമെടുത്ത പാർട്ടിയുടെ ശതാബ്ദി ആഘോഷത്തിന് തയാറെടുക്കാൻ 24ാം ദേശീയ കോൺഗ്രസിൽ ജനറൽ സെക്രട്ടറി ഡി. രാജയാണ് പ്രമേയത്തിലൂടെ അണികളോട് ആവശ്യപ്പെട്ടത്.
രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75ാം വർഷം ആഘോഷിക്കുന്ന വേളയിൽ, പാർട്ടി ചരിത്രവും മഹത്തായ ഭൂതകാലവും സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും ജനങ്ങളിലേക്ക് എത്തിക്കണമെന്ന് രാജ പറഞ്ഞു. സി.പി.ഐയെ ദശലക്ഷം അംഗങ്ങളുള്ള പാർട്ടിയാക്കണമെന്ന് ജനറൽ സെക്രട്ടറി ആഹ്വാനം ചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

