കേരളത്തില്‍ ഇരട്ട പാതക്ക് സമാന്തരമായി മൂന്നും നാലും പാതകള്‍ വരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി
text_fieldsതിരുവനന്തപുരം: വടക്ക് നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതോടെ, കേരളത്തിൽ നിലവിലുള്ള ഇരട്ട പാതക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുകയാണ്. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്രമന്ത്രി എക്‌സിലൂടെയാണ് കേരളത്തിലെ പാതവികസനത്തെ കുറിച്ച് അറിയിച്ചത്.
വടക്ക് നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചത്.
ഇതുവഴി യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും റെയില്‍ മാര്‍ഗം കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയും. പുതിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അണ്ടര്‍ ബ്രിഡ്ജുകളുടെയും നിര്‍മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രിയും അശ്വിനി വൈഷ്ണവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപയായിരുന്ന കേരളത്തിന്റെ റെയില്‍വേ ബജറ്റ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 3,042 കോടി രൂപയായി ഉയർന്നതായും കേന്ദ്രമന്ത്രി എക്സ് പോസ്റ്റില്‍ കുറിച്ചു.
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ താല്‍പ്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ കെ-റെയില്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പരിശോധിക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോടൊപ്പം കെ.വി. തോമസുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

