യൂനിവേഴ്‌സിറ്റി ടൗൺഷിപ്പ് പദ്ധതിക്ക് കേരളം അപേക്ഷ നൽകും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കണ്ട് റോജി എം. ജോൺ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച യൂനിവേഴ്‌സിറ്റി ടൗൺഷിപ്പ് പദ്ധതിയിൽ കേരളം അപേക്ഷ നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ന്യൂഡൽഹി കേരളഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാറിന്റെ കേരള നോളജ്‌വാലി, റിസർച്ച് പാർക്ക് പദ്ധതികൾ യൂനിവേഴ്‌സിറ്റി ടൗൺഷിപ്പ് പ്രോഗ്രാമുമായി ചേർന്നു പോകുന്നവയാണ്. ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥലം സജ്ജമാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
യൂനിവേഴ്‌സിറ്റി ടൗൺഷിപ്പ് പ്രോഗ്രാമിനായി വലിയ ഫണ്ടാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്. അതിന്റെ സാധ്യത പ്രയോജനപ്പെടുത്തുകയാണ് സംസ്ഥാനത്തിന്റെ ഉദ്ദേശം. പദ്ധതിയുടെ മാനദണ്ഡം തയാറാകുമ്പോൾ സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച മൾട്ടി ഡിസിപ്ലിനറി എജുക്കേഷൻ ആൻഡ് റിസർച്ച് ഇംപ്രൂവ്‌മെന്റ് ഇൻ ടെക്‌നിക്കൽ എജുക്കേഷൻ പദ്ധതിയിലും കേരളത്തിന് അർഹമായ പരിഗണന നൽകണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചതായി മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സ്വകാര്യ സർവകലാശാല ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചതിനാൽ അനിശ്ചിതാവസ്ഥയിലാണ്. അതിനാൽ ഈ ബിൽ തിരിച്ചുവിളിച്ച് പുതിയ ബിൽ കൊണ്ടുവരുന്നതിനുള്ള ആലോചനയിലാണ് സർക്കാർ. സ്വകാര്യ സർവകലാശാല നിയമം പ്രാബല്യത്തിൽ കൊണ്ടുവരണം എന്നു തന്നെയാണ് സർക്കാറിന്റെ ലക്ഷ്യം. കേരളത്തിലെ സർവകലാശാലകളുടെ ഭരണ സംവിധാനത്തിന് ഒരു ഏകീകൃത മാതൃകയിൽ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. സർവകലാശാലകൾക്ക് ഭരണപരമായ ഏകീകൃത രൂപവും അക്കാദമിക്ക് വൈവിധ്യവുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
സർവകലാശാല പരീക്ഷകൾ കൃത്യമായി നടത്തുന്നതിന് ഒരു അക്കാദമിക് കലണ്ടർ തയാറാക്കും. ഇപ്പോൾ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകി ഫലം വരും മുമ്പ് സപ്ലിമെന്ററി പരീക്ഷകൾ നടക്കുന്നുണ്ട്. അപ്പോൾ വിദ്യാർഥികൾ രണ്ടിനും പണം അടക്കണം. സപ്ലിമെന്ററി പരീക്ഷക്ക് മുമ്പ് പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിക്കണമെന്ന് സർവകലാശാലകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

