‘തീ തുപ്പുന്ന’ കാറുമായി ബംഗളൂരു റോഡിലൂടെ മലയാളി വിദ്യാർഥിയുടെ അഭ്യാസം, കിട്ടിയത് മുട്ടൻ പണി, വൻ പിഴ
text_fieldsബംഗളൂരു: രൂപമാറ്റം വരുത്തിയ കാറുമായി ബംഗളൂരു നഗരത്തിൽ അഭ്യാസം നടത്തിയ മലയാളി വിദ്യാർഥിക്ക് വൻ പിഴ ചുമത്തി ഗതാഗത വകുപ്പ്. തീ തുപ്പുന്ന വിധത്തിൽ സൈലൻസറിൽ രൂപമാറ്റം വരുത്തി, അമിതശബ്ധത്തിൽ കറോടിച്ചതിന് യെലഹങ്ക ആർ.ടി.ഒ 1.11 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
കണ്ണൂർ ആർ.ടി.ഒയിൽ രജിസ്റ്റർ ചെയ്തതാണ് കാർ. ഹെന്നൂർ റോഡിൽ പൊതുജനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഓടിച്ച കാറിന്റെ വിഡിയോ ഒരാൾ പകർത്തി ട്രാഫിക് പൊലീസിന് കൈമാറുകയായിരുന്നു. പിന്നാലെ കാർ ട്രാഫിക് പൊലീസ് കസ്റ്റഡയിലെടുത്തു. പരിശോധനയിൽ അനധികൃതമായി സൈലൻസറിൽ രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്.
അമിതശബ്ദത്തിനൊപ്പം പുകക്കുഴലുകളിൽനിന്ന് തീപ്പൊരി ചിതറുന്നവിധത്തിലായിരുന്നു രൂപമാറ്റം. സുരക്ഷക്ക് വലിയ ഭീഷണിയാണെന്ന് വലിയിരുത്തിയാണ് ആർ.ടി ഓഫിസിന് ചുമത്താൻ കഴിയുന്ന പരമാവധി പിഴയായ 1,11,500 രൂപ ചുമത്തിയത്. ‘പൊതുനിരത്തുകൾ അഭ്യാസം നടത്താനുള്ളതല്ല. തീപ്പൊരി അല്ലെങ്കിൽ തീ തൂപ്പുന്ന വിധത്തിൽ വാഹനത്തിന്റെ സൈലൻസറിൽ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്. ഓർമിക്കുക, നിങ്ങളുടെ അഭ്യാസങ്ങൾക്ക് വലിയ വില നൽകേണ്ടിവരും’ -ബംഗളൂരു ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്തു.
ഇതോടൊപ്പം കാറിന്‍റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, പിഴ അടച്ചതിന്‍റെ രസീതും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം പിഴ അടച്ചതിനെത്തുടർന്ന് കാർ വിട്ടുനൽകി. ട്രാഫിക് പൊലീസിന്‍റെ നടപടിയെ പ്രകീർത്തിച്ച് നിരവധി പേരാണ് വിഡിയോക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. ട്രാഫിക് പൊലീസിനും കർണാടക പൊലീസിനും അഭിനന്ദനമെന്ന് ഒരാൾ കമന്‍റ് ചെയ്തു. ചിലർ പിഴ തുക അൽപം അധികമായി പോയെന്നും വാദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

