ഡിജിറ്റൽ ഇന്ത്യ അവാർഡുകൾ കേരളം ഏറ്റുവാങ്ങി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ മൂന്ന് ഡിജിറ്റൽ ഇന്ത്യ അവാർഡുകൾ കേരളത്തിന്. മികച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിനുള്ള പ്ലാറ്റിനം അവാർഡ് കെ-ഡിസ്ക് മെംബർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, ജനറൽ മാനേജർ-സ്കില്ലിങ് മുഹമ്മദ് റിയാസ്, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി ഇന്നവേഷൻ-പ്രൊഡക്ട് ഡയറക്ടർ അജിത് കുമാർ എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഏറ്റുവാങ്ങി. മികച്ച വെബ്സൈറ്റിന് കോട്ടയം ജില്ല ഭരണകൂടത്തിന് ലഭിച്ച ഗോൾഡ് മെഡൽ ജില്ല കലക്ടർ ഡോ.പി.കെ. ജയശ്രീയും ജില്ല ഇൻഫർമാറ്റിക് ഓഫിസർ ബീന സിറിൾ പൊടിപ്പാറയും ചേർന്ന് സ്വീകരിച്ചു.
ക്ഷീരശ്രീ പോർട്ടലിനുള്ള സിൽവർ മെഡൽ ക്ഷീരവികസന വകുപ്പ് ഇ-ഗവേണൻസ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രജിത, ഐ.ടി സെൽ ഡയറി ഓഫിസർ മീന കുമാരി, എൻ.ഐ.സി സയന്റിസ്റ്റ് സിബി ആന്റോ എന്നിവർക്കും രാഷ്ട്രപതി സമ്മാനിച്ചു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി അശ്വിനി വൈഷ്ണവ്, സെക്രട്ടറി അൽകേഷ് കുമാർ ശർമ, നാഷനൽ ഇൻഫർമാറ്റിക് സെന്റർ ഡയറക്ടർ ജനറൽ രാജേഷ് ഗേര എന്നിവർ സന്നിഹിതരായിരുന്നു. ഡിജിറ്റൽ ഇന്ത്യ അവാർഡുകൾക്ക് 400ഓളം നോമിനേഷനുകളാണ് ലഭിച്ചത്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പാണ് അവാർഡുകൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

