ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ ഒപ്പുവെച്ചു. സി.പി.എം രാജ്യസഭാ എം.പിമാരായ കെ.കെ. രാഗേഷ്, സി.പി നാരായണൻ എന്നിവരാണ് ഒപ്പുവെച്ചത്. എന്നാൽ, പ്രമേയം എന്ന് പാർലമെന്‍റ് പരിഗണിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
അണ്ണാ ഡി.എം.കെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റ് സ്തംഭിച്ചു. മുദ്രാവാക്യം വിളിച്ച് അംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി. ഇതേതുടർന്ന് ലോക്സഭാ നടപടികൾ 12 മണിവരെ നിർത്തിവെച്ചിരുന്നു. രാജ്യസഭയിൽ അണ്ണാ ഡി.എം.കെ, തെലുങ്കുദേശം അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചു. സേവ് ആന്ധ്രാപ്രദേശ് എന്നെഴുതിയ പ്ലക്കാർഡ് ടി.ഡി.പി അംഗങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.