തൊഴിലുറപ്പ് വേതനം: ലോക്സഭ സ്തംഭിപ്പിച്ച് കേരള എം.പിമാരുടെ പ്രതിഷേധം
text_fieldsതൊഴിലുറപ്പ് വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് കേരളത്തിൽനിന്നുള്ള എം.പിമാർ ലോക്സഭ സ്തംഭിപ്പിച്ച് പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുന്നു
ന്യൂഡൽഹി: തൊഴിലുറപ്പ് വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് കേരളത്തിൽനിന്നുള്ള എം.പിമാർ ലോക്സഭ സ്തംഭിപ്പിച്ച് പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം നൽകാനുള്ള കുടിശ്ശിക സംബന്ധിച്ച് അടൂർ പ്രകാശ് അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടി പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കുടിശ്ശിക ഉടൻ നൽകുമെന്ന് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് ഗ്രാമവികസന സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി മറുപടി നൽകി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൂന്നുമാസമായി വേതനം ലഭിക്കാത്തതും കേരളത്തിന് പദ്ധതിയിൽ 811 കോടി രൂപ കുടിശ്ശിയുള്ളതും ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. കുറഞ്ഞ വേതനവും മതിയായ തൊഴിൽദിനങ്ങൾ ഇല്ലാത്തതും കാരണം ആളുകൾ പദ്ധതി ഉപേക്ഷിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് ഹരിയാന കഴിഞ്ഞാൽ കേരളത്തിലാണ് വേതനം കൂടുതൽ നൽകുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഈ വർഷം കേരളത്തിന് 3,000 കോടി രൂപളം നൽകി. കുടിശ്ശിക ആഴ്ചകൾക്കുള്ളിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കുടിശ്ശിക എന്ന് നൽകുമെന്ന് പറയണമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ബാപി ഹൽദാർ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ മന്ത്രി ചന്ദ്രശേഖർ പെമ്മസാനി ബംഗാൾ സർക്കാറിന്റെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചതോടെ തൃണമൂൽ കോൺഗ്രസ് എം.പിമാർ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം കനത്തതോടെ തമിഴ്നാടിനോടും പശ്ചിമ ബംഗാളിനോടും വിവേചനം കാണിച്ചിട്ടില്ലെന്ന് ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞുവെങ്കിലും അംഗങ്ങൾ ശാന്തരായില്ല. പ്രതിപക്ഷം സഭയുടെ നടുത്തളം വളഞ്ഞ് മുദ്രാവാക്യം വിളിച്ച് സഭ സ്തംഭിപ്പിച്ചു. സഭ 12 മണിവരെ നിർത്തിവെച്ചതോടെ കേരള എം.പിമാർ മുഖ്യകവാടത്തിൽ പ്രതിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

