വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കെ കേരള കേഡർ എ.ഡി.ജി.പി മഹിപാൽ യാദവ് അന്തരിച്ചു
text_fieldsതിരുവനന്തപുരം: കേരള കേഡർ എ.ഡി.ജി.പി മഹിപാൽ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മഹിപാൽ യാദവിന്റെ വിരമിക്കൽ ചടങ്ങ് പൊലീസ് ആസ്ഥാനത്ത് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണവാർത്തയും പുറത്ത് വന്നത്.
ക്രൈംസ് വിഭാഗം എ.ഡി.ജി.പിയുടെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. മുമ്പ് സംസ്ഥാന എക്സൈസ് കമീഷണറുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. രണ്ട് വർഷം അദ്ദേഹം എക്സൈസ് കമീഷണറായി പ്രവർത്തിച്ചു. ഈ വർഷം ജൂലൈയിലാണ് അദ്ദേഹം ക്രൈംസിലേക്ക് എത്തിയത്.
1997 ബാച്ച് ഐ.പി.എസ് ഓഫീസറാണ് യാദവ്. ഈ മാസം 30ാം തീയതിയാണ് അദ്ദേഹം വിരമിക്കാനിരുന്നത്. ഇന്നായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ ചടങ്ങുകൾ നടക്കാനിരുന്നത്. കേരള കേഡറിന് പുറമേ മറ്റ് പല പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ബി.എസ്.എഫിൽ സെൻട്രൽ ഡെപ്യൂട്ടേഷനിൽ ഇൻസ്പെക്ടർ ജനറലിന്റെ പദവി അദ്ദേഹം വഹിച്ചിരുന്നു. സി.ബി.ഐയിലും അദ്ദേഹം ഉണ്ടായിരുന്നു. അഗസ്റ്റ-വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട്, മുലായം സിങ് യാദവിന്റെ അനധികൃത സ്വത്ത് സമ്പാദനകേസ് എന്നിവ സി.ബി.ഐയിലായിരുന്നപ്പോൾ അദ്ദേഹം അന്വേഷിച്ചിട്ടുണ്ട്. 2013ൽ പ്രസിഡന്റിന്റെ മെഡലും അദ്ദേഹത്തിന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

