നിവൃത്തിയില്ലെങ്കിൽ ‘പി.എം ശ്രീ’ അംഗീകരിക്കേണ്ടിവരുമെന്ന് കേരളം
text_fieldsന്യൂഡൽഹി: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചില്ലെങ്കിൽ കേരളത്തിന് തടഞ്ഞുവെച്ച സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ട് നൽകാനാവില്ലെന്ന് കേന്ദ്രം ആവർത്തിച്ചതോടെ ഒരു നിവൃത്തിയുമില്ലെങ്കിൽ അതിൽ ഒപ്പുവെക്കാൻ നിർബന്ധിതമാകുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സൂചന നൽകി.
കേരളത്തെ കൊണ്ട് എങ്ങനെയെങ്കിലും പി.എം ശ്രീ ഒപ്പുവെപ്പിക്കാനാണ് കേന്ദ്ര സർക്കാർ നോക്കുന്നതെന്നും കേരളം ഒപ്പുവെച്ചോ എന്ന് പ്രധാനമന്ത്രി എന്നും ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് ധർമേന്ദ്ര പ്രധാൻ തന്നോട് പറഞ്ഞുവെന്നും മന്ത്രി ശിവൻ കുട്ടി വ്യക്തമാക്കി. രാവിലെ പദ്ധതി ഒപ്പുവെച്ചാൽ വൈകീട്ട് ഫണ്ട് തരാം എന്നാണ് കേന്ദ്രം പറഞ്ഞത്. 1500 കോടി രൂപ കേരളത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും ധർമേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചക്കുശേഷം ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിലെ പല നിർദേശങ്ങളും സംസ്ഥാനം നടപ്പാക്കിയിട്ടുണ്ട്. പി.എം ശ്രീ സ്കൂൾ എന്ന് എഴുതിവെക്കാത്തതിന്റെ പേരിൽ ഫണ്ട് തടഞ്ഞു വെക്കുന്നത് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണ്. ഫണ്ട് ലഭ്യമാക്കുന്നതിന് കോടതിയിൽ പോകുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
7,000 അധ്യാപകർക്ക് ശമ്പളം കൊടുക്കാനുണ്ട്. സൗജന്യ യൂനിഫോം, പാഠപുസ്തകം എന്നിവ നൽകാൻ പണം തികയുന്നില്ല. സ്കൂൾ ലൈബ്രറി ഗ്രാന്റ്, സ്പോർട്സ് ഗ്രാന്റ്, ഭിന്നശേഷി വിഭാഗം കുട്ടികൾക്കുള്ള ഗ്രാന്റ്, പെൺകുട്ടികൾ ക്കുള്ള സ്റ്റൈപ്പൻഡ് എന്നിവ അടക്കം നിരവധി പദ്ധതികൾ പ്രതിസന്ധിയിലാകും.
വിദ്യാഭ്യാസ മേഖലയെ പൂർണമായും കാവിവത്കരിക്കുന്നതിനുവേണ്ടി എൻ.സി.ഇ.ആർ.ടിയിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കേരളത്തിന്റെ നിലപാട് വെള്ളിയാഴ്ച നടന്ന എൻ.സി.ഇ.ആർ.ടി ജനറൽ കൗൺസിൽ യോഗത്തിൽ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മതനിരപേക്ഷതയും നാനാത്വത്തിൽ ഏകത്വവും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പാഠ പുസ്തകങ്ങളിൽ നിന്നും രാഷ്ട്രീയലക്ഷ്യംവെച്ച് ചില ഭാഗങ്ങൾ നീക്കിയത് നാം കണ്ടതാണ്. ഗുജറാത്ത് കലാപം, ആർ.എസ്.എസ് നിരോധനം, ഗാന്ധിവധം, മുഗൾ രാജവംശങ്ങൾ എന്നിവയെല്ലാം നീക്കം ചെയ്തു.
ഏഴാം ക്ലാസിൽ ഈ വർഷം പരിഷ്കരിച്ച സാമൂഹികശാസ്ത്രം പാഠപുസ്തകത്തിൽ നിന്നും മുഗൾ രാജവംശമടക്കം മുസ്ലിം രാജവംശങ്ങളെ പൂർണമായും ഒഴിവാക്കി ഹിന്ദു പുരാണങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട ഇന്ത്യൻ സമൂഹത്തിൽ ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്.
ഭാഗവതത്തിലെയും ഹിന്ദു പുരാണങ്ങളിലെയും വിവിധങ്ങളായിട്ടുള്ള ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് പാഠഭാഗങ്ങൾ ആരംഭിക്കുന്നത്. മതനിരപേക്ഷതയും വ്യത്യസ്ത സംസ്കാരങ്ങളും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുള്ള നാട്ടിൽ ഇതുപോലെയാണോ കുട്ടികളെ പഠിപ്പിക്കാൻ പാഠപുസ്തകങ്ങൾ തയാറാക്കേണ്ടത് എന്നുള്ളത് ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും ചിന്തിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

