കേരളത്തിന് അതിവേഗ റെയിൽവേ; ഏറ്റുമുട്ടി മന്ത്രിയും ജോൺ ബ്രിട്ടാസും
text_fieldsന്യൂഡല്‍ഹി: ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയില്‍പാത സംബന്ധിച്ച ചോദ്യത്തിൽ രാജ്യസഭയിൽ കൊമ്പുകോർത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ജോൺ ബ്രിട്ടാസ് എം.പിയും. ഇ. ശ്രീധരൻ നടത്തിയ സാധ്യതാപഠനത്തെക്കുറിച്ചും നേമം റെയിൽവേ ടെർമിനലിനെക്കുറിച്ചും ബ്രിട്ടാസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് സഭയിൽവെച്ച ഉത്തരത്തിൽ വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. പകരം പതിവുപോലെ മുൻകാലങ്ങളിൽ നടന്നുവരുന്ന പദ്ധതികൾ വിശദീകരിക്കുകയും യു.പി.എ കാലത്തും ഈ സർക്കാറിന്റെ കാലത്തുമുള്ള ബജറ്റ് വിഹിത താരതമ്യവും ഉത്തരത്തിൽ ആവർത്തിച്ചു.
ചോദ്യോത്തരവേളയിൽ ഉപചോദ്യം ഉന്നയിച്ച ജോൺ ബ്രിട്ടാസ്, പതിവുപോലെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ വീണ്ടും എടുത്തുപറയുകയാണെന്നും രാഷ്ട്രീയമായ മറുപടിയാണ് മന്ത്രി നൽകുന്നതെന്നും കുറ്റപ്പെടുത്തി. തുടർന്ന് ഇ. ശ്രീധരൻ നിർദേശിച്ച പാതക്ക് ആര് ഡി.പി.ആർ തയാറാക്കും എന്നടക്കമുള്ള ചോദ്യം ആവർത്തിച്ചു.
മറുപടിക്കായി എഴുന്നേറ്റ മന്ത്രി, എം.പി മോശമായ പ്രസ്താവനയാണ് നടത്തിയതെന്നും ഇ. ശ്രീധരന് നല്കിയ നിർദേശം കൈയിലുണ്ടെന്നും വിശദമായ പരിശോധനയിലാണെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയാണോ, ഇ. ശ്രീധരന് നല്കിയ പദ്ധതിയാണോ, കേന്ദ്രത്തിന്റെ പദ്ധതിയാണോ പരിശോധിച്ച് മികച്ചതെന്ന് കണ്ടെത്തുമെന്നും വ്യക്തമാക്കി. കേരളത്തിൽ കേന്ദ്രത്തിന്റെ ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

