വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: വിവാദമായ വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ. നിയമം ചോദ്യം ചെയ്തുള്ള ഹരജികളിൽ കക്ഷി ചേരാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
1995ലെ വഖഫ് നിയമത്തിന്‍റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. ഭേദഗതി നിയമത്തിലെ പല വ്യവസ്ഥകളും അന്യായമാണെന്നും അവയുടെ ഭരണഘടനാ സാധുത സംശയാസ്പദമാണെന്നും കേരളം വാദിക്കുന്നു.
വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, അസം ഉൾപ്പെടെ സംസ്ഥാനങ്ങൾ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
നിലവിലുള്ള വഖഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുതെന്നാണ് വഖഫ് ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളിൽ ഏപ്രിൽ 17ലെ ഇടക്കാല വിധിയിൽ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. വഖഫ് ഭേദഗതി നിയമം നിയമം സ്റ്റേ ചെയ്തില്ലെങ്കിലും നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ മരവിപ്പിച്ചിരുന്നു.
അതിനിടെ, വഖഫ് നിയമം ഭേദഗതി ചെയ്യരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമം മുഴുവനായോ ഏതെങ്കിലും വകുപ്പുകളോ റദ്ദാക്കുന്നത് ശരിയല്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഹരജിക്കാരുടെ ശ്രമമെന്നുമാണ് കേന്ദ്ര സർക്കാർ ആരോപിച്ചത്.
ലോക്സഭയിൽ ഏപ്രിൽ മൂന്നിനും രാജ്യസഭയിൽ ഏപ്രിൽ നാലിനും പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാറിയിരുന്നു. ഏപ്രിൽ എട്ടിന് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയതേയാടെ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു. എന്നാൽ, നിയമ ഭേദഗതിക്കെതിരായ ഹരജികൾ പരിഗണിച്ച സുപ്രീംകോടതി വഖഫിൽ തൽസ്ഥിതി തുടരാൻ ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

