കണ്ണീരൊപ്പാൻ ബംഗളൂരുവും; ഒാണാഘോഷങ്ങൾ റദ്ദാക്കി
text_fieldsബംഗളൂരു: പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിന് കൈത്താങ്ങാവാൻ കൈയും മെയ്യും മറന്ന് ബംഗളൂരുവിലെ മലയാളികളും. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് കേരളത്തിെൻറ വിവിധ ഭാഗങ്ങളിലായി സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടുള്ളത്. ലോഡ് കണക്കിന് പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും മറ്റും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചുകഴിഞ്ഞു. കച്ചവട സ്ഥാപനങ്ങളിൽനിന്നും െഎ.ടി സ്ഥാപനങ്ങളിൽനിന്നും അവധിയെടുത്താണ് പലരും സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഇറങ്ങിയത്.
സാധാരണ ആഗസ്റ്റ് മാസത്തിൽ തുടങ്ങി ഡിസംബർ വരെ നീളുന്ന വൻ ആഘോഷങ്ങളാണ് ബംഗളൂരുവിലെ ഒാണക്കാല പരിപാടികൾ. ഇത്തവണ പതിവ് ആഘോഷങ്ങളെല്ലാം നിർത്തിവെക്കുന്നതായി പ്രമുഖ മലയാളി സംഘടനകളെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. ആഘോഷങ്ങൾക്കായി നീക്കിവെച്ച തുക കൂടി പെരുമഴയിലും വെള്ളപ്പൊക്കത്തിലും സർവം തുടച്ചുനീക്കിയ ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിെൻറ കണ്ണീരൊപ്പാൻ വിനിയോഗിക്കാനാണ് തീരുമാനം.
കുട്ടനാട്ടിലെ പ്രളയ മേഖലകളിലേക്കാണ് ആദ്യം ബംഗളൂരുവിൽനിന്ന് സഹായമെത്തിച്ച് തുടങ്ങിയതെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കിടെ മറ്റിടങ്ങളിലും കനത്ത വെള്ളപ്പൊക്കവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തതോടെ പരമാവധി എല്ലായിടത്തും സഹായമെത്തിക്കാനുള്ള പുറപ്പാടിലാണ്. ബംഗളൂരുവിൽനിന്ന് കൂടുതൽ സഹായങ്ങൾ കേരളത്തിലേക്ക് എത്തിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന ലോക കേരള സഭ അംഗങ്ങളുടെയും മലയാളി സംഘടനാ പ്രതിനിധികളുടെയും യോഗതീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 25 ലക്ഷം രൂപ ഉടൻ സ്വരൂപിച്ചു നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
