ഉദയ്പൂർ: കോൺഗ്രസിന് മൃദു ഹിന്ദുത്വ സമീപനമുണ്ട് എന്ന കെ.വി. തോമസിന്‍റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജെബി മേത്തർ എം.പി. പാർട്ടിയിൽ നിന്ന് ഏറെ നേട്ടങ്ങളുണ്ടാക്കിയ ഒരംഗം ഇങ്ങനെ പറയുന്നത് നിർഭാഗ്യകരമാണെന്ന് ജെബി മേത്തർ പറഞ്ഞു.
"കെ.വി. തോമസ് കോൺഗ്രസ് അംഗം ആണെന്ന് സ്വയം പറയുന്നുണ്ടെങ്കിലും കുറച്ചുനാളായി സി.പി.എമ്മിനെ പിന്തുണക്കുകയാണ്. പാർട്ടിയിൽ ആദ്യം പാലിക്കേണ്ടത് അച്ചടക്കമാണ് -മേത്തർ വിമർശിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അദ്ദേഹം മുഖ്യമന്ത്രിയുമായി വേദി പങ്കിടുകയും സി.പി.എം. സ്ഥാനാർത്ഥി ജോ ജോസഫിനെ വിജയിപ്പിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ കെ.വി. തോമസിനെ കെ.പി.സി.സിയിൽ നിന്നും പുറത്താക്കി.
കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ സമീപനം പാർട്ടിക്ക് വിനാശമാണെന്നും കോൺഗ്രസ് പക്ഷത്ത് നിന്നുകൊണ്ടുതന്നെയാണ് ജോ ജോസഫിനായി വോട്ടുതേടുന്നതെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു. ശക്തരായ നേതാക്കൾക്ക് മാത്രമേ യഥാർത്ഥ ഭരണം കാഴ്ചവെക്കാൻ കഴിയുവെന്നും പിണറായി വിജയൻ അങ്ങനെയൊരു നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.