കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി കേരള ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയ കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു (ഫയൽ ചിത്രം)
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ബുധനാഴ്ച രാവിലെ ഒമ്പതിന് കേരള ഹൗസിലെ കൊച്ചിൻ ഹൗസിൽ എത്തിയ കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം കൂടിക്കാഴ്ചക്കായി മുതിർന്ന കേന്ദ്ര കാബിനറ്റ് മന്ത്രി കേരള ഹൗസിലെത്തുന്നത്. കൂടിക്കാഴ്ച 50 മിനിറ്റോളം നീണ്ടു.
ചൊവ്വാഴ്ച കേരള ഹൗസില്‍ മുഖ്യമന്ത്രിക്കും എം.പിമാര്‍ക്കുമായി അത്താഴവിരുന്നും കൂടിക്കാഴ്ചയും സംഘടിപ്പിച്ച കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസും കൂടിക്കാഴ്ചയില്‍ പങ്കാളികളായി. അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു കേന്ദ്രമന്ത്രിയുടേതെന്നാണ് കേരള ഹൗസ് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായി കേരള ഹൗസിൽ കൂടിക്കാഴ്ച തരപ്പെടുത്താൻ കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസ് ദിവസങ്ങൾക്കു മുമ്പ് നിർമലയെ കണ്ടിരുന്നു. മുഖ്യമന്ത്രി നിർമലയുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അന്ന് നിർമലയുടെ ശ്രദ്ധയിപ്പെടുത്തുകയും ചെയ്തു.
കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രത്യേക പ്രതിനിധി പ്രഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു
കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തുക, വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ഇനത്തിൽ വിഴിഞ്ഞം തുറമുഖത്തിന് നൽകിയ തുക തിരിച്ചടപ്പിക്കാനുള്ള നീക്കം ഒഴിവാക്കുക, വയനാട് പുനരധിവാസത്തിനുള്ള 525 കോടിയുടെ കടം ചെലവഴിക്കാൻ നൽകിയ സമയപരിധി നീട്ടുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക, മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച കേരളത്തിന്റെ അതിവേഗ റെയിൽപാത ബദൽ നിർദേശം പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ഗവർണറുടെയും തോമസിന്റെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രി നിർമലക്ക് മുമ്പാകെ വെച്ചു. അതേസമയം, ആശ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട ഒന്നുംതന്നെ മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിച്ചിട്ടില്ലെന്നാണ് വിവരം.
മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി നിർമലയുമായുള്ള കൂടിക്കാഴ്ചയിൽ കെ.വി തോമസ് ആശാ വർക്കാർമാരുടെ വിഷയം ഉന്നയിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളുടെ കുറിപ്പ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതില്ലെന്ന് പറഞ്ഞ് മടങ്ങുകയാണ് തോമസ് ചെയ്തത്. അതിനു ശേഷവും ആശാ വർക്കറുമായി ബന്ധപ്പെട്ട വിവരങ്ങൾ നിർമലക്ക് കേരള സർക്കാർ കൈമാറാതിരുന്നതിനാലാണ് മുഖ്യമന്ത്രിയുമായുള്ള അവരുടെ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകാതിരുന്നത്. അതേമസയം, മുഖ്യമന്ത്രിക്ക് പിന്നാലെ ധനമന്ത്രിയെ കൂട്ടായി കണ്ട യു.ഡി.എഫ് എം.പിമാർ ആശാ വർക്കർമാരുടെ ആവശ്യങ്ങൾ അവരെ ധരിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

