തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ കരാറുകാരായ യൂനിടാക്കുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ ഉൾപ്പെടെ വാദം പൊളിഞ്ഞു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് റെഡ്ക്രസൻറിനയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇത് വ്യക്തമാകുന്നത്. ഭവന നിർമാണത്തിൽ യൂനിടാക്കുമായി മുന്നോട്ടുപോകാനാണ് കത്തിൽ നിർദേശിച്ചിട്ടുള്ളത്.
യൂനിടാക്കിെൻറ രൂപരേഖയിൽ തൃപ്തിയുണ്ടെന്നും കത്തിൽ പറയുന്നു. കത്തിെൻറ പകർപ്പ് യൂനിടാക്കിനും നൽകിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ അനുമതിയും വാങ്ങിനൽകാമെന്നും കത്തിൽ വ്യക്തമാക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസൻറ് തേടിയ വിശദാംശങ്ങൾക്ക് 2019 ആഗസ്റ്റ് 26നാണ് മറുപടി നൽകിയിട്ടുള്ളത്.
യു.എ.ഇ റെഡ്ക്രസൻറുമായി ഭവനപദ്ധതി സംബന്ധിച്ച ധാരണപത്രം ഒപ്പിട്ടെന്നും ബാക്കി നിർമാണ കരാറുകാരെ ഏൽപിച്ചതുൾപ്പെടെ തുടർ നടപടികൾ കൈക്കൊണ്ടത് റെഡ്ക്രസൻറാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത്. അത് നമ്മുടെ ലൈഫ് പദ്ധതി അല്ലെന്നും അവർ നടപ്പാക്കുന്ന പദ്ധതിയെന്നുമായിരുന്നു മുഖ്യമന്ത്രിയും പറഞ്ഞത്. എന്നാൽ യൂനിടാക്കുമായുള്ള കരാറുമായി മുന്നോട്ടുപോകാമെന്നും എല്ലാ സഹായങ്ങളും നൽകാമെന്ന വാഗ്ദാനത്തിലൂടെ സർക്കാർ അറിവോടെയാണ് യൂനിടാക്കിന് കരാർ നൽകിയതെന്ന് വ്യക്തം.