ലഖ്നോവിലെ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടി മലയാളി ഐ.എ.എസ് ഓഫിസർ; അഭിനന്ദനപ്രവാഹം
text_fieldsറോഷൻ ജേക്കബ്
ലഖ്നോ: യു.പി തലസ്ഥാനമായ ലഖ്നോവിലെ കോവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിച്ചതിലൂടെ അഭിനന്ദനമേറ്റുവാങ്ങുകയാണ് മലയാളിയായ ഐ.എ.എസ് ഓഫിസർ റോഷൻ ജേക്കബ്. ഏതാനും ആഴ്ചകളായി ലഖ്നോവിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞിരുന്നു. ഏപ്രിൽ പകുതിയോടെ പ്രതിദിനം 6000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ജൂൺ നാലിന് വെറും 40 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
റോഷൻ ജേക്കബ് എന്ന 43കാരി ഐ.എ.എസ് ഓഫിസറെ പ്രത്യേക ചുമതല നിൽകി നിയോഗിച്ചതോടെയാണ് ലഖ്നോവിൽ കോവിഡ് വ്യാപനം കുറയുന്നത്. ജില്ല മജിസ്ട്രേറ്റിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഏപ്രിൽ 17 മുതൽ ജൂൺ രണ്ട് വരെയായിരുന്നു റോഷൻ ജേക്കബിന് ചുമതല.
ജനങ്ങളാണ് കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ ഹീറോയെന്ന് റോഷൻ ജേക്കബ് പറയുന്നു. അവരുടെ നിശ്ചദാർഢ്യത്തിന് മുന്നിൽ വൈറസ് കീഴടങ്ങുകയായിരുന്നു. ലഖ്നോവിൽ ആദ്യമെത്തുമ്പോൾ നഗരം മുഴുവൻ ഭീതിയിലായിരുന്നു. എല്ലാ രോഗികളും ആശുപത്രിക്കിടക്ക തേടി നടക്കുകയായിരുന്നു. ഇത്, ഗുരുതരാവസ്ഥയിലുള്ളവർക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നതിന് വെല്ലുവിളിയായിരുന്നു.
അടിത്തട്ടുമുതലുള്ള പദ്ധതിയാണ് ലഖ്നോവിൽ നടപ്പാക്കിയത്. രോഗം ബാധിച്ചവർക്ക് മരുന്ന് കിറ്റുകൾ നൽകി. റാപിഡ് റെസ്പോൺസ് ടീമുകളുടെ പ്രവർത്തനം ശക്തമാക്കി. ഹോം ഐസൊലേഷൻ നടപ്പാക്കി. ആശുപത്രി പ്രവേശനത്തിന് കൺട്രോൾ സെന്‍ററുണ്ടായിരുന്നു. ഒരുകാലത്ത് ആശുപത്രികൾക്ക് താങ്ങാവുന്നതിലേറെ രോഗികൾ കാത്തുനിന്നിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ചകളിൽ ആശുപത്രിക്കിടക്കയ്ക്കായി ആരും കാത്തുനിൽക്കുന്നില്ല. ആശുപത്രികൾക്കുള്ള ഓക്സിജൻ വിതരണം കാര്യക്ഷമമാക്കി. എല്ലാം ഒരു കൂട്ടായ പ്രവർത്തനമായിരുന്നു.
രോഗലക്ഷണങ്ങളുള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധന ഫലം വരുന്നതിന് മുമ്പ് തന്നെ മരുന്നു കിറ്റുകൾ നൽകി. ആർ.ആർ.ടി സംഘത്തിലെ ഡോക്ടർ ഇവരെ സന്ദർശിക്കും. ഫോൺ വിളികൾ മാത്രമല്ല ചെയ്തത്. ഞാനും നിരവധി വീടുകളിലും ആശുപത്രികളിലും പോയിട്ടുണ്ട്. ജനങ്ങളെ നേരിട്ട് കാണാൻ എനിക്ക് ഇഷ്ടമാണ്. കോവിഡിനെ ഒരു രോഗമെന്നതിനേക്കാൾ അപ്പുറം ഒരു ശത്രുവായാണ് ജനം കാണുന്നത്. വീടുകൾ സീൽ ചെയ്യുകയോ ബാരിക്കേഡുകൾ വെക്കുകയോ ചെയ്യരുതെന്ന് നിർദേശിച്ചു. ഇത്, ജനങ്ങളുടെ ഭയം ഇല്ലാതാക്കി. ആരോഗ്യപ്രവർത്തകരെ നോക്കിക്കാണുന്ന രീതി മാറ്റിമറിച്ചു -റോഷൻ ജേക്കബ് പറയുന്നു.
കേരളത്തിൽ നിന്നുള്ള ഒരാൾ എന്ന നിലയിൽ യു.പിയിൽ ജോലി ചെയ്യുക വെല്ലുവിളിയാണ്. എന്നാൽ, ഇത് കൂടുതൽ വളരാനും സേവനം ചെയ്യാനുമുള്ള അവസരം കൂടിയാണ്. ഒരു വനിത ഉദ്യോഗസ്ഥക്ക് ഇവിടെ കൂടുതൽ സ്വീകാര്യതയുണ്ട് -റോഷൻ ജേക്കബ് പറയുന്നു.
കോവിഡ് കാല പ്രവർത്തനങ്ങൾക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ റോഷൻ ജേക്കബിനെ പ്രശംസിച്ചു. 17 വർഷമായി തുടരുന്ന ഐ.എ.എസ് ഉദ്യോഗത്തിൽ മറ്റു നിരവധി നേട്ടങ്ങളും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. 2013ൽ ഗോണ്ട പോലെയുള്ള പിന്നാക്ക ജില്ലകളിൽ എൽ.പി.ജി വിതരണം കാര്യക്ഷമമാക്കിയതിലും ജനങ്ങളുടെ പ്രശ്നങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അറിയുന്ന പദ്ധതി നടപ്പാക്കിയതിലൂടെയുമെല്ലാം അഭിനന്ദനമേറ്റുവാങ്ങിയിട്ടുണ്ട്.
യു.പി ഖനന വകുപ്പിൽ ഡയറക്ടർ ചുമതലയിലെത്തിയ ആദ്യ വനിതയാണ് റോഷൻ ജേക്കബ്. മൂന്ന് വർഷം മുമ്പായിരുന്നു ഈ നേട്ടം. ഇവരുടെ മേൽനോട്ടത്തിൽ, രാജ്യത്ത് ലോക്ഡൗൺ കാലത്ത് ഖനന പ്രവൃത്തി തുടരുന്ന ആദ്യ സംസ്ഥാനമായി യു.പി മാറിയിരുന്നു.
ഖനന വകുപ്പിന്‍റെ ഡയറക്ടറായി തുടരുന്ന റോഷൻ ജേക്കബ് തിരുവനന്തപുരത്താണ് ജനിച്ചത്. മാതാവ് ഏലിയാമ്മ വർഗീസും പിതാവ് ടി.കെ. ജേക്കബും സംസ്ഥാന സർക്കാർ ജീവനക്കാരായിരുന്നു. ഒരേയൊരു മകളായ റോഷൻ തിരുവനന്തപുരത്തെ സർവോദയ വിദ്യാലയത്തിലും ഗവ. വിമെൻസ് കോളജിലും പിന്നീട് കേരള സർവകലാശാല ഇംഗ്ലീഷ് പഠനവിഭാഗത്തിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഗവേഷണത്തിനായി യു.ജി.സിയുടെ ജെ.ആർ.എഫ് ലഭിച്ചിരുന്നു. കേന്ദ്ര സർവിസിൽ ഇരിക്കെയാണ് ഗവേഷണം പൂർത്തിയാക്കിയത്. ഒരു മകനും മകളുമാണ് റോഷൻ ജേക്കബിനുള്ളത്. ഒഴിവുസമയങ്ങളിൽ മക്കൾക്കായി കവിത എഴുതാറുള്ള റോഷന്‍റെ ആദ്യ കവിതാ സമാഹാരം 'എ ഹാൻഡ്ഫുൾ ഓഫ് സ്റ്റാർഡസ്റ്റ്' 2012ൽ കോൺഗ്രസ് നേതാവ് ശശി തരൂരാണ് പ്രകാശനം ചെയ്തത്.
വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനും സിവിൽ സർവിസിലെ ബാച്ച് മേറ്റുമായ ഡോ. അരിന്ദം ഭട്ടാചാര്യയാണ് ജീവിതപങ്കാളി. ഡോക്ടർ കൂടിയായ അരിന്ദം, റോഷന് ചുമതലയുണ്ടായിരുന്ന സമയത്ത് ലഖ്നോവിലെത്തിയിരുന്നു. ഝാൻസിയിൽ പ്രബേഷനറി ഐ.എ.എസ് ഓഫിസറായിട്ടായിരുന്നു റോഷന്‍റെ ആദ്യ പോസ്റ്റിങ്. പിന്നീട്, ബസ്തി, ഗോണ്ട, കാൺപൂർ നഗർ, റായ്ബറേലി, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ ജില്ല മജിസ്ട്രേറ്റായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

