മലയാളികൾ മരിച്ച ബസ് അപകടത്തിൽ അനുശോചിച്ച് കെനിയൻ ടൂറിസം കാബിനറ്റ് സെക്രട്ടറി
text_fieldsന്യൂഡൽഹി: കെനിയയിൽ വിനോദയാത്രാ സംഘം അപകടത്തിൽപെട്ട് മലയാളികൾ അടക്കമുള്ളവർ മരിച്ച സംഭവത്തിൽ അനുശോചിച്ച് ടൂറിസം ആൻഡ് വൈൽഡ്‌ലൈഫ് കാബിനറ്റ് സെക്രട്ടറി (സി.എസ്) റെബേക്ക മിയാനോ. ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മിയാനോ, മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് മിയാനോ ആശംസിച്ചു. അപരിചിതമായ റോഡുകളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും റെബേക്ക മിയാനോ ചൂണ്ടിക്കാട്ടി.
ഖത്തറിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് മലയാളികളാണ് കെനിയയിലെ ബസ് അപകടത്തിൽ മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്‍റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ സ്വദേശികളായ ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ 27 പേർക്ക് പരിക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ച റിയയുടെ ഭർത്താവ് ജോയൽ ഗുരുതര പരിക്കുകളോടെ കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മകൻ ട്രാവിസും പരിക്കുകളോടെ ആശുപത്രിയിലാണ്. ജസ്നയുടെ ഭർത്താവ് തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫക്കും അപകടത്തിൽ പരിക്കേറ്റു.
കർണാടക, ഗോവ, കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്. ഖത്തറിൽ നിന്നും ട്രാവൽ ഏജൻസി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.
ജൂൺ ആറിന് ബലിപെരുന്നാൾ ദിനത്തിൽ ഖത്തറിൽ നിന്നും കെനിയയിലേക്ക് പോയ 28 പേർ അടങ്ങിയ വിനോദയാത്രാസംഘമാണ് മധ്യ കെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ അപകടത്തിൽപെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. നയ്റോബിയിൽ നിന്നും 200ഓളം കിലോമീറ്റർ ദൂരെയാണ് സംഭവം.
കനത്ത മഴയിൽ വിനോദ സഞ്ചാരികളുടെ ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ നിയന്ത്രണംവിട്ട് തെന്നിനീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബസിന്‍റെ മേൽകൂരകൾ തകർന്ന നിലയിലാണ് താഴെ പതിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവിൽ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടു പോവുകയായിരുന്നു ബസ്. ഖത്തറിൽ നിന്നും പെരുന്നാൾ അവധി ആഘോഷിക്കാൻ ജൂൺ ആറിനാണ് വിനോദയാത്രാ സംഘം ട്രാവൽ ഏജൻസിക്ക് കീഴിൽ യാത്രതിരിച്ചത്. ബുധനാഴ്ച ദോഹയിൽ തിരിച്ചെത്തേണ്ട സംഘമാണ് അപകടത്തിൽപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.