യമുന വിഷ ജല പരാമർശം; തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിൽ നേരിട്ടെത്തി കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: യമുനയിൽ വിഷം കലർത്തിയെന്ന പരാമർശത്തിനെതിരായ നോട്ടീസിൽ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിൽ നേരിട്ടെത്തി മറുപടി നൽകി ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ. അപ്പോയിൻമെന്റ് ഇല്ലാതെയാണ് മുൻ ഡൽഹി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലെത്തിയത്. ഡൽഹി മുഖ്യമന്ത്രി അതിഷിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.
ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിലായതിനാൽ കൂടിക്കാഴ്ച ‘പ്രത്യേക കേസായി’ പരിഗണിച്ചതായി തിരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ അറിയിച്ചു. യമുനയിലെ വിഷബാധയെക്കുറിച്ചും അനുബന്ധ കാര്യങ്ങളെകുറിച്ചും വ്യക്തമാക്കുന്ന കെജ്‌രിവാളിന്റെ വാക്കുകൾ കമീഷൻ ക്ഷമയോടെ കേട്ടതായും അവർ അറിയിച്ചു.
കൂടിക്കാഴ്ചക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ആപ് എം.പി സഞ്ജയ് സിങ് തന്റെ പാർട്ടി മേധാവി തെരഞ്ഞെടുപ്പ് പാനലിന് വിശദമായ മറുപടി നൽകിയതായി പറഞ്ഞു. ‘ഡൽഹിയിലേക്ക് വിഷജലം അയക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തിയതെങ്ങനെയെന്ന് കെജ്‌രിവാൾ അവരോട് വിശദമായി പറഞ്ഞു. അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു’ -സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ, ഉയർന്ന അമോണിയം അടങ്ങിയ വിഷം കലർന്ന വെള്ളത്തിന്റെ പേരിൽ ഡൽഹിയിലെ പകുതി ജനതയെയും ദാഹിച്ചുവലയാൻ നിർബന്ധിതരാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കമീഷന്റെ ഓഫിസ് സന്ദർശിക്കുന്നതിനു മുമ്പ് കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറയുകയുണ്ടായി. നമ്മുടെ സമരം വിജയിച്ചതിൽ ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജനുവരി 26,27 മുതൽ യമുനയിൽ 7 പി.പി.എം ആയിരുന്ന അമോണിയ അളവ് ഇപ്പോൾ 2.1 പി.പി.എം ആയി കുറഞ്ഞുവെന്നും എ.എ.പി മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

