പെട്രോൾ വില ലിറ്ററിന് 82 രൂപ ആക്കണം, എണ്ണക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു -അരവിന്ദ് കെജ്രിവാൾ
text_fieldsഅരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. എണ്ണക്കമ്പനികൾക്ക് ‘കൊള്ള ലാഭം’ നേടാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച കെജ്രിവാൾ നിലവിൽ ഡൽഹിയിൽ ഏകദേശം ലിറ്ററിന് 102 രൂപയുള്ള പെട്രോൾ വില 82 രൂപയായി കുറക്കണമെന്നും ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്ക് അതിന്റെ ഗുണം ലഭിച്ചിട്ടില്ലെന്നും വില മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണെന്നും അരവിന്ദ് കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘പൊട്രോൾ ലിറ്ററിന് 102 രൂപയുള്ളത് 82 രൂപക്ക് ലഭ്യമാക്കണം. ഡീസൽ വിലയും കുറക്കണം. അസംസ്കൃത എണ്ണ വില കുറയുന്നതിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കണം’ -കെജ്രിവാൾ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില ഉയർന്ന നിലയിൽ തുടരുന്നത് ജനങ്ങൾക്ക് അധിക സാമ്പത്തിക ഭാരമുണ്ടാക്കുന്നു. ക്രൂഡ് ഓയിൽ വിലയിലെ ഇടിവിന്റെ നേട്ടം സാധാരണക്കാർക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2014ന് ശേഷം അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ നിരവധി തവണ ഇടിവുണ്ടായി. പക്ഷേ രാജ്യത്ത് പെട്രോൾ വില അതിനനുസരിച്ച് കുറച്ചില്ല. ഈ വർഷങ്ങളിൽ നേടിയ ബംബർ ലാഭം എന്തുചെയ്തു? പെട്രോൾ, ഡീസൽ വില കുറക്കുന്നത് പണപ്പെരുപ്പം കുറക്കാൻ സഹായിക്കും. കുടുംബങ്ങൾക്കും ബിസിനസുകൾക്കും ആശ്വാസമാകുകയും ചെയ്യുമെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു. കൂടാതെ എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം നേടാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായിരുന്നപ്പോൾ വാങ്ങിയ വിലകൂടിയ അസംസ്കൃത എണ്ണ പൊതുമേഖല എണ്ണക്കമ്പനികൾ ഇപ്പോഴും സംസ്കരിക്കുന്നതിനാൽ രാജ്യത്തെ റീട്ടെയിൽ പെട്രോൾ, ഡീസൽ വില ഉടൻ കുറയാൻ സാധ്യതയില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, വിതരണ ശൃംഖലയിലെ അനിശ്ചിതത്വം എന്നിവ പരിഗണിച്ചാണ് ഇന്ത്യ വിലനിർണയത്തിൽ ജാഗ്രത പുലർത്തുന്നതെന്നും മന്ത്രി പറഞ്ഞു. മേയ് രണ്ടാം പകുതിയിൽ പെട്രോൾ -ഡീസൽ വില ഏകദേശം 7.50 രൂപ വീതം വർധിച്ചിരുന്നു. അന്താരാഷ്ട്ര എണ്ണവില കുറഞ്ഞിട്ടും ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നിവ ഗണ്യമായ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 74,781 കോടി രൂപ നഷ്ടമുണ്ടായി. കുറഞ്ഞ വിലക്ക് പെട്രോളും ഡീസലും എൽ.പി.ജിയും ലഭ്യമാക്കിയതുവഴി ഇതുവരെയുണ്ടായ നഷ്ടം 2.1ലക്ഷം കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ എണ്ണവില ഇപ്പോൾ ബാരലിന് 70 ഡോളറിനടുത്താണ്. സംഘർഷ നാളുകളിൽ 125 ഡോളറിനു മുകളിൽ വരെയായിരുന്നു വില. ഇപ്പോൾ വാങ്ങുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് വിപണിയിലെത്താൻ രണ്ടുമാസത്തിലേറെ സമയമെടുക്കും. കൂടിയ വിലയിൽ വാങ്ങിയ ക്രൂഡ് ഓയിലിൽ നിന്നുള്ള പെട്രോളും ഡീസലുമാണ് നിലവിൽ വിപണിയിലുള്ളത്. ഇപ്പോഴത്തെ നിലയിൽ കുറഞ്ഞ വില രണ്ടോ മൂന്നോ മാസം തുടർന്നാൽ മാത്രമേ ഇന്ധന വില കുറക്കുന്ന കാര്യം പരിഗണിക്കാൻ കഴിയൂ എന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

