'തോക്കുകളും കല്ലും ആയുധങ്ങളും കൈയ്യിൽ കരുതണം'; അണികളോട് ബി.ജെ.പി എം.എൽ.എയുടെ ആഹ്വാനം
text_fieldsഎം.എൽ.എ വിക്രം സൈനി പ്രസംഗത്തിനിടെ
ലഖ്നോ: അക്രമത്തെ പ്രേത്സാഹിപ്പിക്കുന്ന വിവാദ പ്രസംഗവുമായി ബി.ജെ.പി എം.എൽ.എ. ഉത്തർപ്രദേശിലെ മുസാഫർനഗർ ഖതൗലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ വിക്രം സൈനിയാണ് ഗുരുതര പരാമർശങ്ങൾ നടത്തിയത്. ജൻസത് തഹസിൽ ഏരിയയിലെ വാജിദ്പൂർ കവാലി ഗ്രാമത്തിൽ, കേന്ദ്ര സഹമന്ത്രി സഞ്ജീവ് ബല്യാനെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വിക്രം സൈനിയെയും ആദരിക്കുന്ന ചടങ്ങിലാണ് സംഭവം.
നുപൂർ ശർമ, ഉദയ്പൂർ കൊലപാതകം എന്നീ വിഷയങ്ങളിൽ സംസാരിച്ച് തുടങ്ങിയ സൈനി, നഗരത്തിലെ വ്യാപാരികൾക്കാണ് 'സുരക്ഷാ മുൻകരുതലുകൾ' നൽകിയത്. 'കല്ലുകളും ചട്ടുകങ്ങളും പിസ്റ്റലുകളും കടകളിൽ സൂക്ഷിക്കണം. പൊലീസ് എത്രനാൾ പ്രവർത്തിക്കും? പൊലീസ് വരുമ്പോഴേക്കും നിങ്ങളുടെ കടകൾക്ക് തീയിട്ടിരിക്കും'- സൈനി പ്രസംഗത്തിൽ പറയുന്നു.
പ്രസ്താവന ഗുരുതരമെന്ന് തിരിച്ചറിഞ്ഞ വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ സൈനിയെ തടയാൻ ശ്രമിച്ചു. എന്നാൽ, 'ഞാൻ ഇന്ന് സംസാരിക്കട്ടെ, ഇത് പത്രത്തിൽ അച്ചടിക്കുകയോ ടി.വിയിൽ കാണിക്കുകയോ ചെയ്യട്ടെ. അഞ്ച് വർഷത്തേക്ക് എന്നെ നീക്കം ചെയ്യാൻ ആർക്കും കഴിയില്ല' എന്നായിരുന്നു മറുപടി.
നൂപുർ ശർമ പറഞ്ഞത് അവരുടെ ജനാധിപത്യ അവകാശമാണ്. ഹിന്ദു ദൈവങ്ങൾക്കെതിരെ എന്തും പറയാൻ ആളുകൾക്ക് അവകാശമുണ്ട്. പക്ഷെ, ആരെങ്കിലും ഇക്കൂട്ടർക്കെതിരെ പറഞ്ഞാൽ പറഞ്ഞവന്‍റെ തല വെട്ടുന്നുവെന്നും എം.എൽ.എ പ്രസംഗത്തിൽ പറയുന്നു. പ്രസംഗത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

