ഡൽഹി മദ്യനയ കേസ്; തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇ.ഡി ചോദ്യം ചെയ്യും
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിതക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് നോട്ടീസിൽ പറയുന്നു.
മദ്യവ്യാപാരത്തിന് സഹായം കിട്ടുന്നതിനായി കവിതക്ക് ബിനാമി നിക്ഷേപമുള്ള കമ്പനി എ.എ.പിക്ക് കൈക്കൂലി നൽകി എന്നാണ് ഇ.ഡി ആരോപിക്കുന്നത്. നേരത്തെ ഡിസംബർ 12ന് കേസുമായി ബന്ധപ്പെട്ട് കവിതയെ ഏഴുമണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
മദ്യനയ കേസിൽ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് ഇ.ഡി കവിതക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനു ശേഷം തിങ്കളാഴ്ച രാത്രിയോടെയാണ് അരുണ്‍ രാമചന്ദ്ര പിള്ളയെ ഇ.ഡി അറസ്റ്റു ചെയ്തത്.

