വിഷവും വിദ്വേഷവുമാണ് ബി.ജെ.പിയുടെ ക്രിസ്മസ് സമ്മാനം, സംഘപരിവാർ ഗുണ്ടകൾ അക്രമം അഴിച്ചുവിടുന്നു -കെ.സി. വേണുഗോപാൽ
text_fieldsകെ.സി. വേണുഗോപാൽ
ന്യൂഡൽഹി: ക്രൈസ്തവ സമൂഹത്തോട് വിദ്വേഷം പുലർത്തുന്ന ബി.ജെ.പിയുടെ തനിനിറമാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമ സംഭവങ്ങളിലൂടെ പുറത്തായതെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി വേണുഗോപാൽ. കാഴ്ചപരിമിതിയുള്ള സ്ത്രീയെ ആക്രമിക്കുന്നതുൾപ്പെടെ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗക്കാരെ അപമാനിക്കുന്നതിന് അവർ ഏതറ്റം വരെയും പോകുമെന്നും വിഷവും വിദ്വേഷവുമാണ് അവരുടെ ക്രിസ്‍മസ് സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണകൂടത്തിന്‍റെ ഒത്താശയോടെയാണ് ക്രിസ്താനികൾക്ക് നേരെ സംഘടിത ആക്രമണങ്ങൾ നടക്കുന്നത്. സംഘപരിവാർ ഗുണ്ടകളാണ് അക്രമങ്ങൾ അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് കുട്ടികൾ നടത്തിയ കരോൾ പരിപാടിക്ക് നേർക്കും ആർ.എസ്.എസ് ആക്രമണം നടത്തി. ആട്ടിൻതോലിട്ട ചെന്നായകളാണ് തങ്ങളെന്ന് ബി.ജെ.പി ഓരോ ദിവസവും തെളിയിക്കുകയാണ്.
പ്രധാനമന്ത്രി മോദി കുറച്ചുകാലമായി ക്രിസ്ത്യാനികളോട് സ്നേഹം നടിച്ച് നടക്കുകയാണ്. അതേസമയം അദ്ദേഹത്തിന്‍റെ പാർട്ടിയും സംഘപരിവാറും ഓരോ അക്രമ സംഭവത്തിലൂടെയും അവരുടെ തനിനിറം വെളിപ്പെടുത്തുകയാണ്. ഇന്ത്യയുടെ ബഹുസ്വരത ബി.ജെ.പിയുടെ വിദ്വേഷ അജണ്ടയുമായി ചേർന്നുപോകില്ലെന്ന് ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള താക്കീതാണ് ഈ സംഭവങ്ങളെന്നും, അവരുടെ കാഴ്ചപ്പാടുമായി യോജിച്ചുപോകാത്തവരെയാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം രാജ്യവ്യാപകമായി ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ സംഘപരിവാർ സംഘടനകളുടെ ആക്രമണം രൂക്ഷമാകുകയാണ്. കരോൾ സംഘങ്ങൾ ആക്രമിക്കപ്പെടുന്നതിനു പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ നയങ്ങൾ പോലും ക്രിസ്മസ് ആഘോഷങ്ങൾക്ക് വിരുദ്ധമായി സ്വീകരിക്കപ്പെടുന്നുണ്ട്. ഉത്തർപ്രദേശിൽ ഡിസംബർ 25ന് ക്രിസ്മ്സ് ആഘോഷത്തിനു പകരം മുൻപ്രധാനമന്ത്രി അടൽ ബിഹാരി വായ്പയിയുടെ ജന്മദിനം ആഘോഷിക്കണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആഹ്വാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

