‘എമ്പുരാ’ന്‍റെ റീസെൻസറിങ് രാജ്യത്തിനേറ്റ അപമാനമെന്ന് കെ.സി. വേണുഗോപാൽ; ‘അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സംഘ്പരിവാർ ആക്രമണം’
text_fieldsന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വ്യവസ്ഥാപിത ആക്രമണമാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പരമ്പരാഗത മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും, സിനിമകളിലും അത് കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റത്തെ കുറിച്ച് പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എമ്പുരാൻ' എന്ന ചിത്രത്തിനെതിരെ സംഘ്പരിവാർ നടത്തുന്ന ആക്രമണം ഇതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ബി.ജെ.പി അംഗങ്ങൾ ഉൾപ്പെടുന്ന സെൻസർ ബോർഡ് അംഗീകരിച്ച സിനിമയിൽ നിന്നും വീണ്ടും 24 ഭാഗങ്ങൾ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
സംഘ്പരിവാറിന്റെ സംഘടിത ഭീഷണിയുടെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. ഈ റീസെൻസറിങ് രാജ്യത്തിനേറ്റ അപമാനമാണ്. മാധ്യമ മേഖലയിലും ഇതേ അസഹിഷ്ണുത നമ്മുക്ക് കാണാം. യൂട്യൂബേഴ്‌സ് പോലും ഇന്ന് ആക്രമിക്കപ്പെടുകയാണ്. ബി.ജെ.പിക്കെതിരെ ആര് സംസാരിച്ചാലും അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
വ്യവസ്ഥാപിതമായി വിവരാവകാശ നിയമം പോലും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. സാധാരണക്കാരന് സർക്കാറിനെ നിയന്ത്രിക്കാനുള്ള ഏറ്റവും മികച്ച ആയുധങ്ങളിലൊന്നായ വിവരാവകാശ നിയമത്തോട് ഈ സമീപനമാണെങ്കിൽ എങ്ങനെയാണ് രാജ്യത്ത് ജനാധിപത്യം നിലനിൽക്കുക?. അഭിപ്രായ സ്വാതത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കാൻ തയാറാകണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

