പ്രതിപക്ഷ നേതാക്കൾക്കെതിരെ ചാര സോഫ്റ്റ് വെയർ ആക്രമണം –കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: ഒരിടവേളക്കുശേഷം വീണ്ടും സജീവമായി ചാര സോഫ്റ്റ് വെയർ വിവാദം. താനടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്താൻ ശ്രമം സജീവമാണെന്ന് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ പറഞ്ഞു. ചാര സോഫ്റ്റ് വെയർ ആക്രമണം സ്ഥിരീകരിച്ച് ആപ്പിൾ കമ്പനി നൽകിയ മുന്നറിയിപ്പ് സന്ദേശം പുറത്തുവിട്ടായിരുന്നു കെ.സി. വേണുഗോപാലിന്റെ ആരോപണം. പെഗാസസ് പോലെ ചാര സോഫ്റ്റ് വെയറുകളുടെ ആക്രമണം നേരിട്ട ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കെ.സി. വേണുഗോപാൽ എം.പിക്കും സ്പൈവെയര്‍ മുന്നറിയിപ്പ് ലഭിച്ചത്.
‘നിങ്ങളുടെ പ്രിയപ്പെട്ട ചാര സോഫ്റ്റ് വെയറിനെ എന്റെ ഫോണിലേക്കും അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി’ എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ എക്സിലെ കുറിപ്പ്. മോദി സർക്കാർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഭരണഘടനാ വിരുദ്ധ നടപടിയെ നഖശിഖാന്തം എതിർക്കും -അദ്ദേഹം തുടർന്നു.

