Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഫ്.സി.ആർ.എ ഭേദഗതി ബിൽ: ജെ.പി.സി നടപടികൾ തിടുക്കത്തിൽ തീർക്കാൻ നീക്കം; ഓം ബിർളയ്ക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

text_fields
bookmark_border
Lok Sabha Speaker Om Birla and Congress MP KC Venugopal.
cancel
camera_alt

ഓം ബിർള, കെ.സി വേണുഗോപാൽ

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (ഭേദഗതി) ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) നടപടികൾ തിടുക്കത്തിൽ പൂർത്തിയാക്കാനുള്ള നീക്കങ്ങൾക്കെതിരെ ലോക്‌‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ച് കോൺഗ്രസ് എം.പിയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയർമാനുമായ കെ.സി. വേണുഗോപാൽ. ബന്ധപ്പെട്ട സംഘടനകളുമായും പ്രതിനിധികളുമായും അർത്ഥവത്തായ ചർച്ചകൾ നടത്താതെ വരുന്ന ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ തിടുക്കപ്പെട്ട് പാസാക്കിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ ധൃതിപിടിച്ച് ബിൽ പാസാക്കാൻ ശ്രമിക്കുന്നത്, സഭ പ്രസ്തുത ബിൽ സംയുക്ത സമിതിയുടെ വിശദമായ പരിശോധനയ്ക്ക് വിട്ടതിന്റെ അന്തസ്സത്തയെ തന്നെ ഇല്ലാതാക്കുമെന്നും സുപ്രധാനമായ പാർലമെന്ററി നടപടികളെ കേവലം ഒരു ചടങ്ങുമാത്രമായി തരംതാഴ്ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജെ.പി.സി പരസ്യ വിജ്ഞാപനത്തിലൂടെ വിശദമായ മെമ്മോറാണ്ടങ്ങൾ ക്ഷണിക്കുകയും ബാധിക്കപ്പെടുന്ന എല്ലാ വിഭാഗങ്ങളുടെയും തെളിവെടുപ്പ് നേരിട്ട് നടത്തുകയും വേണം. സമിതിക്ക് ആവശ്യത്തിന് സമയം അനുവദിക്കണമെന്നും ആവശ്യമെങ്കിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്നും വേണുഗോപാൽ സ്പീക്കറോട് ആവശ്യപ്പെട്ടു.

ബി.ജെ.പി എം.പി സഞ്ജയ് ജയ്‌സ്വാൾ അധ്യക്ഷനായ 31 അംഗ സമിതിക്കാണ് കഴിഞ്ഞ ആഗസ്റ്റ് 12-ന് ബിൽ വിട്ടത്. എന്നാൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വെറും ഏഴ് ദിവസത്തെ സാവകാശം മാത്രമാണ് നൽകിയത്. ഇതിനെതിരെ ഡി.എം.കെ രാജ്യസഭാ എം.പി പി. വിൽസണും നേരത്തെ രംഗത്തെത്തിയിരുന്നു. നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കുറഞ്ഞത് നാലാഴ്ചത്തെ സമയമെങ്കിലും നൽകണമെന്നും നിർദ്ദേശങ്ങൾ മാത്രമല്ല, എതിർപ്പുകൾ രേഖപ്പെടുത്താനും അവസരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കേന്ദ്ര സർക്കാർ എഫ്.സി.ആർ.എ നിയമത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയതിലൂടെ ആയിരക്കണക്കിന് സന്നദ്ധ സംഘടനകളുടെ ലൈസൻസുകൾ റദ്ദാക്കപ്പെട്ടു കഴിഞ്ഞു. ഇത് രാജ്യത്തെ ദശലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യർക്ക് ആരോഗ്യം, വിദ്യാഭ്യാസം, ജീവനോപാധി എന്നീ മേഖലകളിൽ ലഭിച്ചിരുന്ന നിർണായക സഹായങ്ങൾ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിയമനിർമാണങ്ങൾ തിടുക്കത്തിൽ പാസാക്കാതെ, എൻ.ജി.ഒകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, മത-സാമൂഹിക സംഘടനകൾ, നിയമവിദഗ്ദ്ധർ, സംസ്ഥാന സർക്കാരുകൾ എന്നിവരുടെ വിശദമായ അഭിപ്രായങ്ങൾ കേൾക്കാൻ സമിതി തയ്യാറാകണമെന്ന് വേണുഗോപാൽ കത്തിൽ ശക്തമായി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FCRA Amendment Bill: KC Venugopal Writes to Om Birla Flagging Rushed JPC Proceedings
Next Story